ജില്ലയിൽ ഭവന സമ്പർക്കത്തിൽ കൂടുതൽ ജാഗ്രത പുലർത്തിയും വീടുകളിൽ ക്വാറൻ്റൈൻ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയർ കേന്ദ്രങ്ങളിലേക്ക് മാറ്റിയും ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധത്തിൽ ഇടുക്കി ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലാ ഭരണകൂടത്തെ ആരോഗ്യ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. മറ്റു ജില്ലകളിലേതിനു വിഭിന്നമായി അയൽ സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളുടെ ദൈനം ദിന യാത്ര പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന ആരോഗ്യ വകുപ്പിൻ്റെ മറുപടിയിലാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

യോഗത്തിൽ ജില്ലയിൽ പ്രതിദിനം സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം, കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ വർദ്ധനവ്, മരണ നിരക്ക്, തുടങ്ങി കോവിടുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലെയും പ്രവർത്തനം, വാക്സിനേഷന്റെ നിലവിലെ അവസ്ഥ, തുടങ്ങിയവ യോഗത്തിൽ അവലോകനം ചെയ്തു.

യോഗത്തിൽ എ രാജ എംഎൽഎ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ.രാജു, ആരോഗ്യ വകുപ്പ് ജോയിൻറ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പോലീസ് മേധാവി ആർ കറുപ്പസാമി, ഡിപി എം ഡോ സുജിത് സുകുമാരൻ, തുടങ്ങിയ ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ പങ്കെടുത്തു.

.