കൊല്ലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യമിട്ട് മെഗാ വാക്‌സിനേഷൻ ഡ്രൈവുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ.
ഇളമാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ച് ക്യാമ്പുകൾ സംഘടിപ്പിച്ചു. ഓരോ ക്യാമ്പിലും 1300 വരെ വാക്സിൻ നൽകി. ആദ്യ ഡോസ് 90 ശതമാനം പൂർത്തീകരിച്ചതായി പ്രസിഡന്റ് വാളിയോട് ജേക്കബ് പറഞ്ഞു.

നിലമേൽ ഗ്രാമപഞ്ചായത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ക്യാമ്പ് സംഘടിപ്പിച്ചു. 18 വയസ്സിനു മുകളിൽ ആദ്യ ഡോസ് എടുക്കാൻ ഉള്ളവർക്കും ആദ്യ ഡോസ് എടുത്ത 84 ദിവസം കഴിഞ്ഞവർക്കുമായാണ് അവസരം നൽകിയത്. വഴിയോരക്കച്ചവടക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നിവർക്കും നൽകിയതായി പ്രസിഡന്റ്‌ വിനീത പറഞ്ഞു.

പത്തനാപുരം ഗ്രാമപഞ്ചായത്തിൽ ഇത് വരെ 43560 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഡി.സി.സിയിൽ 19 രോഗികളുണ്ട് . 70 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. അയൽപക്ക നിരീക്ഷണ സമിതികൾ,ആർ.ആർ.ടികൾ എന്നിവയുടെ നേതൃത്വത്തിലുള്ള നിരീക്ഷണം തുടരുന്നതായും പ്രസിഡന്റ് എസ്. തുളസി പറഞ്ഞു.