ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കര്‍ഷക സംഘടനകളുടേയും ക്ഷീര കര്‍ഷക സംഘടനകളുടേയും പ്രതിനിധി യോഗം ചേര്‍ന്നു.

കാര്‍ഷിക – ക്ഷീര മേഖലകള്‍ നേരിടുന്ന പ്രശ്‌നം ഒട്ടനവധിയാണ്. ചെറുകിടക്കാരായ ഏലം കൃഷിക്കാര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കണം. സര്‍വീസ് സഹകരണ ബാങ്കുകളുമായി ചേര്‍ന്നു ഏലം ഡ്രയര്‍ ആരംഭിച്ച് ആരംഭിക്കാനും ഏലയ്ക്ക ശേഖരിച്ചു വിപണനം നടത്തുകയും വേണം. ത്രിവേണി, വനം വകുപ്പ് ഇക്കോ ഷോപ്പ്, സഹകരണ ഷോപ്പുകള്‍ തുടങ്ങിയവയിലൂടെ കാര്‍ഷിക ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കണം. കുരുമുളക് ചെടികള്‍ വളര്‍ത്തുന്ന താങ്ങുമരം മുരിക്ക് മരത്തിന് നാശനഷ്ടം സംഭവിക്കുന്നതിനാല്‍ മറ്റു മരങ്ങള്‍ കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയിലൂടെ വെച്ചു പിടിപ്പിക്കണം. കൃഷി ഭവനില്‍ നിന്ന് ലഭിക്കുന്ന കുരുമുളക് ചെടികള്‍ മറ്റു ജില്ലകളില്‍ നിന്ന് കൊണ്ടു വരുന്നവയാണ്. അതിന് പകരം ജില്ലയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ ജില്ലയില്‍ ഉല്‍പാദിപ്പിച്ച് ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് നേഴ്സറികള്‍ വഴി വിതരണം ചെയ്യണം. മഴമറ കൃഷി പ്രോത്സാഹിപ്പിക്കണം. പച്ചക്കറികള്‍ വിറ്റഴിക്കാന്‍ മാര്‍ക്കറ്റുകള്‍ രൂപീകരിക്കണം. രാസ ജൈവ വളങ്ങള്‍ സബ്സിഡി നിരക്കില്‍ സഹകരണ വകുപ്പില്‍ നിന്ന് ലഭ്യമാക്കണം. എല്ലാ കാര്‍ഷിക വിളകള്‍ക്കും താങ്ങുവില നിശ്ചയിക്കണം

ഇടുക്കിയില്‍ കപ്പ കൃഷി പൊതുവെ കുറഞ്ഞു വരുകയാണ്. കപ്പയുടെ തറ വില പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്തതിനാല്‍ കപ്പ കൃഷി ഉപേക്ഷിക്കപ്പെടുന്നു. കപ്പയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട ഫാക്ടറികള്‍ ജില്ലയില്‍ തുടങ്ങാന്‍ കഴിയണം.

ഹൈടെക് ഫാമുകള്‍ ജില്ലയില്‍ ആരംഭിക്കണം. പശു, ആട്, പോത്ത്, തുടങ്ങിയവയെ വളര്‍ത്തി മാംസം ഉത്പാദിപ്പിക്കണം. തരിശ് നിലങ്ങളില്‍ പുല്‍കൃഷി വ്യാപകമാക്കണം. ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത്, നീര്‍ത്തട പദ്ധതി തുടങ്ങിയവയിലൂടെ പുല്ല് കൃഷി പ്രോത്സാഹിപ്പിക്കണം. മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുകയും മികച്ച വളര്‍ച്ചയുള്ള മത്സ്യകുഞ്ഞുങ്ങളെ പഞ്ചായത്ത് വഴി ലഭ്യമാക്കുന്ന പദ്ധതി ഉണ്ടാകണം.

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കണം. ക്ഷീര പരിപാലന പരിശീലന കേന്ദ്രവും പാല്‍ പരിശോധന ലാബുകളും ആരംഭിക്കണം. കാലിത്തീറ്റ സബ്സിഡി നിരക്കില്‍ നല്‍കണം. വെറ്ററിനറി ആംബുലന്‍സ്, രാത്രികാല ചികിത്സ സൗകര്യങ്ങള്‍, ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പാക്കണം. കന്നുകാലികളെ എല്ലാ കാലയിളവിലും ഇന്‍ഷുര്‍ ചെയ്യാന്‍ സൗകര്യം ഉണ്ടാകണം. സബ്‌സിഡി ആനുകൂല്യം കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണം. സംഘങ്ങള്‍ക്കുളള ആനുകുല്യം വ്യക്തിഗതമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടി ഉണ്ടാകണമെന്നും കര്‍ഷക സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി രാജേന്ദ്രന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ എന്നിവരും കര്‍ഷക സംഘടനകളുടേയും ക്ഷീര സംഘടനകളുടേയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.