സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതി നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ അതിവേഗം സ്വീകരിച്ചു കഴിഞ്ഞതായി റവന്യൂ മന്ത്രി കെ. രാജന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കോതമംഗലം താലൂക്ക് ഓഫീസില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തിര നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. അടിയന്തിരമായി എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ആറു ജില്ലകളില്‍ എന്‍ഡിആര്‍എഫ് ക്യാംപ് ചെയ്യുന്നുണ്ട്. മൂന്ന് സംഘങ്ങള്‍ കൂടി ഉടനെത്തും. ആര്‍മിയുടെ രണ്ട് ടീമുകളെ തിരുവനന്തപുരത്തും കോട്ടയത്തും വിന്യസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിഫന്‍സ് സെക്യൂരിറ്റി കോപ്പ്സ് ടീമിനെ കണ്ണൂരും കോഴിക്കോടും വിന്യസിക്കും. എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ എല്ലാ മേഖലയിലും സജീവമാക്കും. എയര്‍ ലിഫ്റ്റിംഗ് ടീമിനെ സജ്ജമാക്കായിട്ടുണ്ട്. കാഞ്ഞിരപ്പിള്ളി താലൂക്കിലേക്ക് ആദ്യ ടീമിനെ എത്തിക്കും. കാഞ്ഞിരപ്പിള്ളി താലൂക്കില്‍ 16 പേരെ കാണാതായിട്ടുണ്ട്.
ക്യാമ്പുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായാരിക്കും ക്യാമ്പുകള്‍ തുറക്കുക. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും നിര്‍ബന്ധമായിരിക്കും.
തീരദേശത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി നല്കാന് തീരുമാനിച്ചിട്ടുണ്ട്. എസ്ഡിആര്‍എഫ് എല്ലാ ജില്ലകള്‍ക്കും അനുവദിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും കേന്ദ്ര ഏജന്‍സികളെയും വിന്യസിപ്പിച്ചിട്ടുണ്ട്. പൊതു സമൂഹത്തിന്റെ ഇടപെടലും ആവശ്യമാണ്. സോഷ്യല്‍ മീഡിയ വഴി അനാവശ്യ ഭീതി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഇത്തരം ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. എല്ലാ സ്ഥലങ്ങളിലും ആവശ്യമായ സഹായമെത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
കക്കി ഡാമില്‍ ജലനിരപ്പ് ഉയയരുന്നതായി കാണുന്നതിനാല്‍ രണ്ട് ദിവസത്തേക്ക് കൂടി ശബരിമല ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും ഉചിതമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് തീരുമാനിക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ 20 നായിയിരിക്കും ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.
കെഎസ്ഇബിയുടെയും ഇറിഗേഷന്റെയും വിവിധ ഡാമുകളെ സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഡാമുകള്‍ പലയിടങ്ങളിലും തുറന്നിട്ടുണ്ടെങ്കിലും നിലവില്‍ പ്രളയഭീഷണിയില്ലെന്നാണ് വിലയിരുത്തല്‍. പരമാവധി ജലനിരപ്പിലേക്ക് ഡാമുകള്‍ എത്താതിരിക്കാന്‍ റൂള്‍ കര്‍വില്‍ വെച്ചു തന്നെ തുറക്കുകയാണ് ചെയ്യുന്നത്. ഡാമുകള്‍ തുറക്കേണ്ട സാഹചര്യത്തില്‍ കര്‍ശനമായ മുന്നറിയിപ്പുകള്‍ നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. മലയോര മേഖലയിലെ യാത്ര ഒഴിവാക്കണം. കടലില്‍ പോകരുത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം.
സ്ഥിതിഗതികള്‍ നിലവില്‍ ഗുരുതരമാണെങ്കിലും നാളെയോടെ മഴയ്ക്ക് ശമനമാകുമെന്നാണ് കരുതുന്നത്. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ച് നാളെയോടെ മഴ കുറയുമെന്നാണ് പകരുതുന്നത്. നാളെ എവിടെയും നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.