കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതി തീവ്ര മഴ (റെഡ് അലർട്ട് ) മുന്നറിയിപ്പിനെ തുടർന്നു അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല പൂർണ്ണ സജ്ജം. താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയം ഭരണ സ്ഥാപന തലങ്ങളിലെ കൺട്രോൾ റൂമുകൾ സജീവമായി. സമീപ ജില്ലകളിലും മഴ തുടരുന്നതിനാൽ ജില്ല കൂടുതൽ ജാഗ്രത തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എ ഡി എം എസ് ഷാജഹാന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
അത്യാവശ്യ ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂർത്തിയായി. വില്ലേജ് ഓഫീസർമാരോട് ക്യാമ്പുകളായി പരിഗണിക്കുന്ന സ്ഥാപനങ്ങളുടെ താക്കോലുകൾ കൈവശം സൂക്ഷിക്കാൻ നിർദ്ദേശം നൽകി. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിനോടും മുൻകരുതൽ സ്വീകരിക്കാൻ നിർദ്ദേശം നൽകി. ആന്റിജൻ ടെസ്റ്റ് നടത്തിയതിനു ശേഷമായിരിക്കും ക്യാമ്പിൽ പ്രവേശിപ്പിക്കുക. ഇതിനുള്ള സജ്ജീകരണങ്ങൾ പ്രാഥമിക ആരോഗ്യ തലത്തിൽ പൂർത്തിയാക്കി. വാഹന സൗകര്യങ്ങൾ ഏർപ്പാടാക്കാൻ എറണാകുളം, മുവാറ്റുപുഴ ആർ.ടി.ഒ മാർക്കും നിർദ്ദേശം നൽകി. ജില്ലാ തല കൺട്രോൾ റൂമിൽ കെ.എസ്. ഇ ബി , ആർ.ടി.ഒ വകുപ്പുകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ 11 അംഗ ടീമിനെ മുവാറ്റുപുഴയിൽ വിന്യസിച്ചു.
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനും നോട്ടീസ് നൽകാനും വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ഇടമലയാർ ജലസംഭരണിയിലെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്നതല്ല എന്നും യോഗം വിലയിരുത്തി. പരമാവധി ജലനിരപ്പ് 169 മീറ്റർ ആണ്. നിലവിലെ ജല നിരപ്പ് 164.36 മീറ്റർ ആണ്. യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ എൻ.ആർ വൃന്ദാദേവി, തഹസിൽ ദാർമാർ എന്നിവർ പങ്കെടുത്തു.