ജില്ലയില്‍ ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 22 പഞ്ചായത്തുകളില്‍ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സിയായി തെരഞ്ഞെടുത്ത കുടുംബശ്രീയുമായി ജലജീവന്മിഷന് ധാരണപത്രത്തില്‍ ഒപ്പുവച്ചു. കുടുംബശ്രീയും ജലജീവന്‍ മിഷനുമായുള്ള ധാരണാ പത്രത്തില്‍ കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ് ബാബുമായി കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍.കെ.കക്കൂത്ത് ഒപ്പുവച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ജിജു, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കല്‍. ജലജീവന്‍ മിഷന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്കായി കുടംബശ്രീയുടെ സി.ഡി.എസ് സംവിധാനത്തെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. 50 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും 15ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോക്തൃ വിഹിതവും എന്നിങ്ങനെയാണ് സാമ്പത്തിക വിഹിതം. സാമൂഹിക സംഘാടനം, പ്രചരണം എന്നിവയാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സി എന്ന നിലയില്‍ കുടുംബശ്രീ നല്‍കുന്നത്. മുഴുവന്‍ വീടുകളിലേക്കും ശുദ്ധ ജലം വിതരണം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്.
