– ആദ്യ ഘട്ടത്തിൽ 10.5 ലക്ഷം ഗുളികകൾ
കോട്ടയം: സംസ്ഥാന ആയുഷ് ഹോമിയോ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്ക് ഇമ്മ്യൂൺ ബൂസ്റ്റർ ഹോമിയോ മരുന്ന് വിതരണം ചെയ്തുതുടങ്ങി. കുറവിലങ്ങാട് സെന്റ് മേരീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അക്സ പ്രവീണിന് ആദ്യ ഡോസ് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി വിതണോദ്ഘാടനം നിർവഹിച്ചു.
ആദ്യഘട്ട മരുന്ന് വിതരണം ഒക്ടോബർ 27 വരെയുള്ള ദിവസങ്ങളിൽ 84 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ ഒൻപതു മുതൽ നാലു വരെയാണ് വിതരണം. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, തദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജി വിൽബർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, ആശുപത്രി സൂപ്രണ്ട് ഡോ. എ.റ്റി. സുകുമാരി, നോഡൽ ഓഫീസർ ഡോ. കെ.കെ. ജിഷ, ഐ.എച്ച്.കെ. പ്രതിനിധി ഡോ. പരമേശ്വരക്കുറുപ്പ്, എച്ച്.എം.സി. അംഗം സിറിൽ നരിക്കുഴി എന്നിവർ പങ്കെടുത്തു.
ആർ.എം.ഒ. ഡോ. സ്മിത എം. പീതാംബരൻ പദ്ധതി വിശദീകരിച്ചു. https: // ahims.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നിശ്ചിത ദിവസം കേന്ദ്രങ്ങളിൽനിന്നു മരുന്ന് ലഭ്യമാകും. ഓൺലൈൻ രജിസ്ട്രേഷന് സാധിക്കാത്തവർക്ക് കേന്ദ്രങ്ങളിൽ സ്പോട് രജിസ്ട്രേഷൻ നടത്താൻ സൗകര്യമുണ്ട്. മരുന്നു വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് 1800-599-2011 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടാം.