എറണാകുളം- ബസ് ബേയിൽ അല്ലാതെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ല വികസന സമിതി യോഗം നിർദേശിച്ചു.
ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
നഗരത്തിലെ ഇലക്ട്രിക്ക് പോസ്റ്റുകളിലെ ഉപയോഗ ശൂന്യമായ കേബിളുകള്‍ സമയ ബന്ധിതമായി മുറിച്ചു നീക്കുമെന്ന് കെ.എസ്.ഇ. ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ടി.ജെ വിനോദ് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ യോഗത്തില്‍ തീരുമാനിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ ജല ക്ഷാമത്തിന് പരിഹാരം കാണുന്നതിൻറെ ഭാഗമായി പൈപ്പ്‌ലൈനില്‍ കണ്ടെത്തിയ ചോർച്ച പരിഹരിച്ചു. മൂവാറ്റുപുഴയാറിന് സമീപത്ത് കണ്ടെത്തിയ പഴയ പൈപ്പില്‍ നിന്നും ഭൂമിക്കടിയിലൂടെ പുഴയിലേക്ക് വെള്ളം ചേരുന്നത് കണ്ടെത്തുകയും, കേടായ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ആവോലി പഞ്ചായത്തിലും വിവിധ ഭാഗങ്ങളില്‍ പൈപ്പ്‌ലൈനിലെ ചോർച്ച പരിഹരിച്ചു. ആമ്പല്ലൂര്‍ പഞ്ചായത്തിലെ കൂലയിറ്റിക്കര എസ്.സി കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജല ജീവന്‍ മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൈപ്പ്‌ലൈനുകള്‍ നവീകരിക്കും. ജലജീവന്‍ മിഷന്‍ ജില്ലയില്‍ 119 കോടിയുടെ പ്രവര്‍ത്തികളാണ് നടപ്പാക്കുന്നത്.
ഭൂമി പരിവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കെ.ബാബു എം.എല്‍.എ ഉന്നയിച്ച പരാതിയില്‍ അപേക്ഷകള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുള്ളതായി കളക്ടർ അറിയിച്ചു, ഫയലുകള്‍ വേഗത്തിൽ പരിശോധിച്ചു വരികയാണ്. സി.ആര്‍. ഇസഡ് ക്ലിയറന്‍സ് ലഭിക്കുന്നതിനുളള കാലതാമസം സംബന്ധിച്ച ചോദ്യത്തിന് സി.ആര്‍.ഇസഡ് ക്ലിയറന്‍സ് വേഗത്തില്‍ ലഭിക്കുന്നതിനായിഎല്ലാ മാസവും ജില്ലാതല കമ്മിറ്റി കൂടുതിനായി തീരുമാനിച്ചിട്ടുള്ളതായി അറിയിച്ചു. നിലവില്‍ സി.ആര്‍.ഇസഡ് ക്ലിയറന്‍സിനുള്ള അപേക്ഷകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും ചീഫ് ടൗണ്‍ പ്ലാനര്‍ അറിയിച്ചു.
തുതിയൂര്‍- എരൂര്‍ പാലത്തിൻറെ നിര്‍മാണവുമായി ബന്ധപ്പെട്ട പിടി തോമസ് എം.എല്‍.എയുടെ ചോദ്യത്തിന് പാലം നിര്‍മ്മാണത്തിനായി 5.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുതുക്കിയ ഡിസൈന്‍ അനുസരിച്ച് ഈ പാലത്തിന്റെ നീളം കൂടിയതിനാല്‍ പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിവരികയാണ്.
എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്റെ സമീപമുള്ള പുറമ്പോക്കില്‍ കഴിഞ്ഞ 60 വര്‍ഷങ്ങ ളിലേറെയായി താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വാഴക്കാല വില്ലജില്‍ തുതിയൂരിലുള്ള സ്ഥലം അനുവദിക്കുന്നത് പരിഗണനയിലാണ്. 60 വര്‍ഷത്തിലേറെയായി പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കിയ ശേഷം മാത്രമേ ഒഴിപ്പിക്കാന്‍ പാടുള്ളു എന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്
വൈറ്റില പാലത്തിന് സമീപം തുറന്നു കിടക്കുന്ന ഓടകളില്‍ കക്കൂസ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുവെന്ന പരാതിയില്‍ രാത്രി കാലങ്ങളില്‍ ഈ വഴിയില്‍ പരിശോധന കര്‍ശനമാക്കാനും സ്ഥിരമായി പട്രോളിങ്ങ് ഏര്‍പ്പെടുത്തുവാനും നിര്‍ദേശം നല്‍കി.
കടയിരുപ്പ് സര്‍ക്കാര്‍ ആശുപത്രിക്കു സമീപമുള്ള ജംഗ്ഷനില്‍ ആവശ്യമായ സുരക്ഷാ സിഗ്നലുകള്‍ സ്ഥാപിക്കുതിന് റോഡ് സുരക്ഷ വിഭാഗം തീരുമാനിച്ചു പ്രദേശത്ത് അപകട സാധ്യതയുണ്ടെന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ പരാമർശത്തിന് മറുപടിയായാണ് സുരക്ഷ സിഗനലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്
കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ തുടരണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്താല്‍ യഥാസമയം ആവശ്യമായ തയ്യാറെടുപ്പുകള്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടപ്പാക്കണം. ഇതു വരെ വിവിധ വകുപ്പുകള്‍ മികച്ച് രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. വരും ദിവസങ്ങളിലും ഇത് തുടരണമെന്ന് കളക്ടര്‍ പറഞ്ഞു.
കുട്ടമ്പുഴ മേഖലയിലെ വന്യ മൃഗ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് കോതമംഗലം എം. എൽ. എ ആന്റണി ജോൺ യോഗത്തിൽ ആവശ്യപ്പെട്ടു. ആന, കാട്ടുപന്നി, എന്നിവക്ക് പുറമെ പുലിയുടെ സാന്നിധ്യവും മേഖലയിൽ ഉള്ള സാഹചര്യത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്ന് എം.എൽ എ പറഞ്ഞു.
എറണാകുളം നഗരത്തിൽ സാമൂഹ്യ വിരുദ്ധരുടെ സാനിധ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ പോലീസ് ഇടപെടൽ ശക്തമാക്കണമെന്ന് ടി. ജെ വിനോദ് എം. എൽ. എ ആവശ്യപ്പെട്ടു.
യോഗത്തില്‍ പി.ടി. തോമസ് എം.എല്‍.എ, അഡ്വ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ടി.ജെ വിനോദ് എം.എല്‍.എ , ആന്‍റണി ജോണ്‍ എം.എല്‍.എ , ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.