സംസ്ഥാനത്തെ തൊഴിലന്വേഷകര്‍ക്ക് മികച്ച പരിശീലനം ഉറപ്പാക്കി പരിമിതികള്‍ മറികടക്കാന്‍ സഹായിക്കുകയാണ് സര്‍ക്കാരിന്റേയും വ്യവസായ പരിശീലന വകുപ്പിന്റേയും ലക്ഷ്യമെന്ന് സംസ്ഥാന തൊഴില്‍ നൈപുണ്യ – എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഗവ. ഐ.ടി.ഐ യില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിര്‍മാണ മേഖലയിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫറാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഈ മാസം പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്ത് വ്യാവസായിക പരിശീലന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം നിലവിലെ സൗകര്യങ്ങള്‍ ദേശീയ -അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തി തൊഴിലന്വേഷകരുടെ നൈപുണി ശേഷി ഉയര്‍ത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിലൂടെ നൂതന മേഖലയില്‍ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മികച്ച കേന്ദ്രങ്ങള്‍ക്കുള്ള സാധ്യതകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ് തൊഴില്‍ നൈപുണി വികസനത്തിന് ഐ ടി ഐ- വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി മന്ത്രി അറിയിച്ചു. മികച്ച പഠന നിലവാരമുള്ള വിദ്യാര്‍ഥികള്‍ക്ക് വിദേശങ്ങളില്‍ ഉന്നത പരിശീലനം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും തൊഴില്‍ അന്വേഷകരേയും തൊഴില്‍ദാതാക്കളേയും ഒന്നിപ്പിക്കുന്ന ജോബ് പോര്‍ട്ടലിലൂടെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ മേളകളിലൂടെ 6669 പേര്‍ക്കും തൊഴില്‍ സെല്‍ വഴി 3277 പേര്‍ക്ക് ജോലി ലഭിച്ചു. സംസ്ഥാനത്ത് ഒരുവര്‍ഷം സ്വകാര്യ-സര്‍ക്കാര്‍ ഐ.ടി.ഐ.കളില്‍നിന്നും പഠിച്ചിറങ്ങുന്ന 75000 പേരാണ തൊഴില്‍ കമ്പോളത്തില്‍ എത്തുന്നത്. ഇവര്‍ക്കായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തൊഴില്‍ സാധ്യതകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐ.കള്‍ ഗ്രേഡിങ്ങിന് വിധേയമാക്കി സ്ഥാപനങ്ങളെ മുന്‍നിരയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
സ്മാര്‍ട്ട് ക്ലാസ് റൂം, നൂതന സാങ്കേതിക പഠനരീതികള്‍ എന്നിവ നടപ്പാക്കും. വ്യാവസായിക പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.ടി.ഐ. ട്രെയിനികള്‍ക്ക് അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ടി.ഐ.കള്‍ വഴി ലേബര്‍ ബാങ്ക് നടപ്പാക്കി നിരവധി അവസരങ്ങളിലൂടെ താത്പര്യമുള്ളവരെ പരിശീലിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്. സൂഷ്മ-ചെറുകിട-ഇടത്തര- പരമ്പരാഗത മേഖലകളില്‍ വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനാണ് ലേബര്‍ ബാങ്കുകളെന്നും മന്ത്രി വ്യക്തമാക്കി. കൊഴിഞ്ഞാമ്പാറ ഐ ടി ഐയില്‍ പ്ലംബര്‍, ഇലക്ട്രീഷന്‍ ട്രേഡുകള്‍ അനുവദിക്കണമെന്ന് ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. കെ കൃഷ്ണന്‍കുട്ടി എം എല്‍ എ അധ്യക്ഷനായ പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. ധന്യ, നല്ലേപ്പിള്ളി- കൊഴിഞ്ഞാബാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാര്‍ങ്ഗധരന്‍, എ. കെ. ബബിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ വി മുരുകദാസ്, കെ ചിന്നസ്വാമി, ത്രിതല പഞ്ചായത്ത് -രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികള്‍ കെ.എസ് സി.സി. റീജനല്‍ മാനേജര്‍ ലില്ലി ജോസഫ്, ജോയിന്റ് ഡയറക്റ്റര്‍ സുനില്‍ ജേക്കബ്, പ്രിന്‍സിപ്പല്‍ ഡോ. കെ മാണി, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി ജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.