തൃശൂര്‍: ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം മാലിന്യ നീക്കത്തില്‍ നിര്‍ണായകമാണെന്നും കേരളത്തിന്റെ സുന്ദരമുഖം തിരിച്ചുകൊണ്ടുവരാന്‍ ശരിയായ മാലിന്യനിര്‍മാര്‍ജനം അനിവാര്യമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഹരിത കര്‍മ്മ സേനയ്ക്ക് കൃത്യമായി പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ പ്രക്രിയയില്‍ വളരെ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരും. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയുടെ ഇ ഓട്ടോയുടെയും എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെയും ടേക്ക് എ ബ്രേക്കിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിധത്തിലുള്ള വിഷയങ്ങളിലും ഇടപെടാന്‍ കഴിയുന്ന പ്രദേശിക സര്‍ക്കാരുകളായി മാറുന്നതായും അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ച്‌ലക്ഷം പേര്‍ക്ക് വീട് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുമെന്നും പരിപാടിയില്‍ അധ്യക്ഷതവഹിച്ച് സംസാരിച്ച റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വിവിധ വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായാണ് ഇ ഓട്ടോ വാങ്ങിയത്. സംസ്ഥാനത്താദ്യമായാണ് ഇത്തരത്തില്‍ ഹരിതകര്‍മ്മ സേന ഇ ഓട്ടോ സ്വന്തമാക്കുന്നത്. ജൈവ മാലിന്യ സംസ്‌കാരണത്തിനായി പഞ്ചായത്തിലെ ജി എല്‍ പി എസ് പീച്ചി, ജി എല്‍ പി എസ് പട്ടിക്കാട് എന്നിവടങ്ങളില്‍ തുമ്പൂര്‍മുഴി മാതൃകയിലുള്ള എയ്‌റോബിക്ക് കമ്പോസ്റ്റ് യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, അസിസ്റ്റന്റ് സെക്രട്ടറി വാസുദേവന്‍, സെക്രട്ടറി പി.ആര്‍ ജോണ്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാര്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.