അദാലത്തിൽ പരിഗണിച്ചത് 40 പരാതികൾ

കോഴിക്കോട്‌:  കേരളത്തിൽ ആരും പട്ടിണികിടക്കരുതെന്ന നിലപാടാണ് സർക്കാരിന്റേതെന്നും ഗുണമേന്മയും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. താത്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്ന അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് കോണ്ഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ വസ്തുക്കളുടെ സംഭരണ കേന്ദ്രങ്ങളിൽ ആധുനിക സംവിധാനത്തോടെ സിസിടിവി അടക്കമുള്ള സുരക്ഷാ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യകിറ്റുകൾ നിർത്തുന്നുവെന്ന പ്രതികരണം എവിടെയും ഉണ്ടായിട്ടില്ല. പ്രയാസമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ച് പട്ടിണിയകറ്റാൻ സർക്കാരിന് സാധിച്ചു. കിറ്റു വിതരണവും സൗജന്യ റേഷൻ വിതരണവും രാജ്യത്തിനും ലോകത്തിനും മാതൃകയാവും വിധം സർക്കാർ നിറവേറ്റി. കോവിഡിന്റെ ദുരിതപൂർണ്ണമായ അന്തരീക്ഷം മാറിവരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കിറ്റ് വിതരണം നടക്കാത്തത്. സാഹചര്യത്തിനനുസരിച്ച് അക്കാര്യം പരിഗണിക്കും. എന്നാൽ അവസാനിപ്പിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ല. അവശ്യ സമയങ്ങളിൽ ഇനിയും നൽകുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യധാന്യങ്ങൾ നശിക്കുന്ന തരത്തിലുള്ള അവസ്ഥയുണ്ടെങ്കിൽ അത് പരിഹരിക്കുകയാണ് സർക്കാരിന്റെ കടമ. ആ ഉത്തരവാദിത്തമാണ് നടപ്പാക്കുന്നത്. ഭക്ഷ്യ സംഭരണ കേന്ദ്രങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. കേരളത്തിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ് വകുപ്പ്. കേരളത്തിലെ മുഴുവൻ ഗോഡൗണുകളും ശാസ്ത്രീയമാക്കുകയും സിസിടിവി അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്യും. ഭക്ഷ്യധാന്യ വിതരണത്തിന്റെ വാഹനങ്ങളിൽ മുഴുവൻ ജിപിഎസ് ഘടിപ്പിക്കും. സപ്ലൈകോ ഔട്ടലെറ്റുകളിലും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട ഭക്ഷ്യവിതരണസംവിധാനം സാധ്യമാക്കും. സപ്ലൈകോ സ്ഥാപനങ്ങളിൽ ആവശ്യത്തിനുള്ള സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. സപ്ലൈകോ ഔട്‌ലറ്റുകളില്ലാത്ത പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളിലൂടെ സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് പരിഗണിക്കും. ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കുന്നതിനായി റേഷൻകടകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. പരാതികൾ ഡിസംബർ 15 വരെ പരാതിപ്പെട്ടികളിൽ നിക്ഷേപിക്കാം. ഇത്തരം പരാതികൾ ഉദ്യോഗസ്ഥർ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. ജനങ്ങൾക്ക് പൊതുവിതരണ വകുപ്പുമായും മറ്റും ബന്ധപ്പെട്ട പരാതികൾ അറിയിക്കാം.

പല കാരണങ്ങളാൽ അകറ്റിനിർത്തപ്പെട്ട വിഭാഗങ്ങളെ റേഷൻ കാർഡിന്റെ ഉടമകളാക്കുകയും ഇതിലൂടെ കേരളത്തിൽ താമസിക്കുന്ന എല്ലാവരിലും ഭക്ഷ്യവസ്തുക്കൾ എത്തിക്കുകയും ചെയ്യും. അനർഹമായ കാർഡുകൾ തിരിച്ചെടുക്കുന്ന നടപടി തുടരും. ലൈസൻസിയുടെ മരണം, അനന്തരാവകാശി പ്രശ്‌നം തുടങ്ങി വിവിധ കാരണങ്ങളാൽ താത്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്ന നടപടികൾ വേഗത്തിലാക്കും. ഇത്തരം കടകളുടെ ഉടമകളുമായി സംസാരിച്ചു പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും റേഷൻ കാർഡ് ഉടമകൾ നേരിടുന്ന ബുദ്ധിമുട്ടുകളിൽ നടപടിയെടുക്കാനും അദാലത്തിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നടപടി ക്രമങ്ങളുടെ നൂലാമാലകൾ ഇല്ലാതെ സുതാര്യമായ നടപടികളാണ് സർക്കാരിന്റേത്. ഇതിലൂടെ കാർഡുടമകളുടെ പ്രയാസങ്ങൾ മാറുമെന്നും അദ്ദേഹം പറഞ്ഞു.

അദാലത്തിൽ ജില്ലയിൽ 40 പരാതികൾ പരിഗണിച്ചു. 13 പരാതികളിൽ പരിഹാരം കണ്ടു. 23 പരാതികളിൽ സമയം അനുവദിക്കുകയും 4 പരാതികൾ തള്ളുകയും ചെയ്തു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി.സജിത്ത് ബാബു, ഉത്തരമേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ കെ.മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ് തുടങ്ങിയവർ സന്നിഹിതരായി.