സുല്‍ത്താന്‍ ബത്തേരി: കാല്‍വിരലുകള്‍ കൊണ്ടു മനോഹര വര്‍ണചിത്രങ്ങള്‍ തീര്‍ത്ത് ജോബിത. കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച പ്രവൃത്തിപരിചയ മല്‍സരത്തിലാണ് ഇരുപത്തിയേഴുകാരിയായ ജോബിത ശാരീരിക വെല്ലുവിളികളെ അതിജിവിച്ച് വര്‍ണചിത്രങ്ങള്‍ രചിച്ച് വിസ്മയം തീര്‍ത്തത്. അമ്മയ്ക്കു സമീപം കസേരയില്‍ ഇരുന്ന് നിലത്തുവിരിച്ച വെള്ളക്കടലാസിലേക്ക് കാല്‍വിരലുകള്‍കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നു ജോബിത. ഇരുകൈകളും കഴുത്തും വഴങ്ങിയില്ലെങ്കിലും മനസിലെ വര്‍ണങ്ങള്‍ മുന്നില്‍ നിലത്തിട്ടിരിക്കുന്ന പേപ്പറില്‍ കാല്‍വിരലുകള്‍ കൊണ്ട് മനോഹരമായി തന്നെ ജോബിത പകര്‍ത്തി. പെന്‍സിലും സ്‌കെച്ച് പേനയും കാല്‍വിരലുകളില്‍ ഉടക്കിവച്ച് പൂക്കളുടെയും ചിത്രശലഭങ്ങളുടെയും മാലാഖമാരുടെയും ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നു ഈ മിടുക്കി. നടവയല്‍ അമ്പലത്തറ മത്തായി – ബ്രിജിത ദമ്പതികളുടെ ഇളയ മകളായ ജോബിത ചിത്രരചനയ്ക്കു പുറമെ കഥാരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഇതിനോടകം ജോബിതയെ തേടിയെത്തി. വീട്ടുജോലികളും ജോബിത കാലുകള്‍ കൊണ്ടു ചെയ്യുമെന്ന് അമ്മ ബ്രിജിത പറഞ്ഞു.