കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രൂപീകരിച്ച ഓക്‌സിലറി ഗ്രൂപ്പുകളുടെ ജില്ലാതല ഔദ്യോഗിക ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ചടങ്ങിന് എം.എം. മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി വിഷയ അവതരണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

സ്ത്രീശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും സാമൂഹിക വികസനത്തിനും ഉതകുന്ന അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓക്‌സിലറി ഗ്രൂപ്പുകള്‍.

കോവിഡ് പശ്ചാത്തലത്തില്‍ പ്രാദേശിക വിപണി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭ മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും സംരംഭ മേഖലയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആവിഷ്‌കരിച്ച കുടുംബശ്രീ കരുതല്‍ ക്യാമ്പയിന്‍ പദ്ധതിയുടെ ഭാഗമായാണ് കരുതല്‍ കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റിന്റെ വിതരണം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റാമോള്‍ വര്‍ഗീസ് നിര്‍വഹിച്ചു

പരിപാടിയില്‍ മന്ത്രി റോഷി അഗസ്റ്റിന് കാമാക്ഷി പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വരൂപിച്ച കൊക്കയാര്‍ സഹായനിധിയുടെ ചെക്ക് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി കൈമാറി.

ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് , കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യന്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.