കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ വസ്തുതാ വിരുദ്ധ പരാതികള്‍ നല്‍കുന്നത് ആശാസ്യകരമല്ലെന്ന് വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. ഇടുക്കി കളക്ട്രേറ്റില്‍ ചേര്‍ന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിലാണ് കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ജനപ്രതിനിധികള്‍ക്കെതിരെയും വസ്തുതാ രഹിതമായ പരാതി കമ്മീഷന് നല്കുന്നത് നല്ല സമീപമല്ല.

ഇത്തരത്തിലുള്ള നാലോളം പരാതികളാണ് കമ്മീഷന്‍ മുന്‍പാകെ ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ നടന്ന സിറ്റിംഗില്‍ ഈ പരാതിക്കാര്‍ ആരും ഹാജരായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഹാജരാകുകയും ചെയ്തു. ഇതുപോലെയുളള പരാതി നല്‍കുന്നതിലൂടെ കമ്മീഷന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി പരിഗണിക്കേണ്ട മറ്റ് പരാതികളില്‍ കാലതാമസമുണ്ടാക്കാതിരിക്കാന്‍ പരാതിക്കാര്‍ ശ്രദ്ധിക്കണമെന്ന് കമ്മീഷന്‍ ഓര്‍മപ്പെടുത്തി.

വീടുകളിലെ പുരുഷന്‍മാരും ഉദ്യോഗസ്ഥരും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ വീട്ടിലെ സ്ത്രീകളെ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ നല്കുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ ഏതു തരത്തിലുള്ള മോശം പെരുമാറ്റങ്ങള്‍ക്കെതിരെയും ഉത്തരവാദിത്വത്തോടെ ഇടപെട്ട് നടപടിയെടുക്കുന്ന കമ്മീഷനില്‍ വസ്തുതാപരമായ പരാതികള്‍ നല്കാന്‍ സ്ത്രീകള്‍ തയ്യാറാകണം.

സിറ്റിംഗില്‍ പരിഗണിച്ച 75 പരാതികളില്‍ 20 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികളില്‍ വിവിധ വകുപ്പുകളില്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 49 പരാതികളില്‍ നടപടി ക്രമങ്ങള്‍ തുടര്‍ന്നു വരുന്നു. പരാതിക്കാര്‍ക്ക് ഹാജരാകാന്‍ വിവിധ സമയം അനുവദിച്ച് കോവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് കമ്മീഷന്‍ സിറ്റിംഗ് നടത്തിയത്. പരാതിക്കാരുടെ അടുത്തേയ്ക്ക് കമ്മീഷന്‍ ചെല്ലുന്ന രീതിയില്‍ ജില്ലയെ പൈനാവ്, മൂന്നാര്‍, കുമളി, തൊടുപുഴ എന്നിങ്ങനെ നാലു സോണുകളായി തിരിച്ചാണ് കമ്മീഷന്‍ ഇപ്പോള്‍ സിറ്റിംഗ് നടത്തുന്നത്. ജില്ലയുടെ ഭൂപ്രകൃതിയും യാത്രാ സൗകര്യവും പരിഗണിച്ചാണിത്. വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ജയശ്രീ.കെ.ആര്‍, സി പി ഒ ജിഷ മാത്യു, അഡ്വ. പ്രസീതാ കെ.പിള്ള, അഡ്വ. പ്രിയശ്രീ പ്രസന്നന്‍, അഡ്വ. ഷാജമോള്‍ എസ്.എ, കണ്‍സിലര്‍ രജിതാ എം.ആര്‍ എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.