വിശാഖപ്പട്ടണത്ത് നടക്കുന്ന തെക്കന്‍ മേഖലാ ഇന്ത്യാ സ്കില്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി യോഗ്യത നേടിയവര്‍ 27ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ഇതിന്റെ ഫ്ളാഗ് ഓഫ് പൊതു വിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ മന്ത്രി ശിവന്‍കുട്ടി വഴുതക്കാടുള്ള റോസ് ഹൗസില്‍ രാവിലെ 8.30ന് നടത്തും.
ഇന്ത്യാ സ്കില്‍ കേരള-2020 ലെ വിജയികളായ 79 പേരാണ് മേഖല മത്സരത്തിന് യോഗ്യത നേടിയത്. ഈ വിദ്യാര്‍ത്ഥികളെ മേഖലാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് വിവിധ വ്യാവാസായിക സ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച രീതിയിലുള്ള പരിശീലനം നല്കി സജ്ജമാക്കിയിട്ടുണ്ട്. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി എന്നീ ആറ് സംസ്ഥാനങ്ങളുള്‍പ്പെട്ട ഇന്ത്യാ സ്കില്‍ തെക്കന്‍ മേഖല മത്സരം 30 മുതല്‍ ഡിസംബര്‍ നാല് വരെ നടക്കും. ഇതില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ ബാംഗ്ലൂരില്‍ ഡിസംബര്‍ 22ന് നടക്കുന്ന ഇന്ത്യാ സ്കില്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കും. ദേശീയ മത്സര വിജയികള്‍ ചൈനയിലെ ഷാന്‍ഹായില്‍ നടക്കുന്ന ലോക സ്കില്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ ആവിഷ്ക്കാരങ്ങളായ സൈബര്‍ സെക്യൂരിറ്റിയും മൊബൈല്‍ റോബോട്ടിക്സും നിത്യജീവിതത്തിന്റെ ഭാഗമായ കേശലങ്കാരം, പാചകം, പുഷ്പാലങ്കാരം എന്നിവ മത്സര ഇനങ്ങളാണ്.
