എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിര്‍മ്മിച്ച ‘ പൊസിറ്റീവ് ‘ഹ്രസ്വ ചിത്രത്തിന്റെ റിലീസിങ്ങ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വ്വഹിച്ചു. എയ്ഡ്സ് ബാധിതരുടെ അതിജീവനത്തിന്റെ കഥ പറയുന്നതാണ് ചിത്രം. എച്ച്.ഐ വി ബാധതിര്ക്ക് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനുള്ള മരുന്നുകളും സൗജന്യ ചികിത്സയും സര്‍ക്കാരിന്റെ എആര്‍ടി കേന്ദ്രങ്ങള്‍ വഴി ലഭിക്കുമെന്ന സന്ദേശവും ചിത്രം നല്കുന്നു.
ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത് കുമ്പളസി.എച്ച്സിയിലെ ജീവനക്കാര്‍ തന്നെയാണ് എന്നതാണ് ഏറെ ശ്രദ്ധേയം. സിനിമയുടെ ആശയം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫിന്റേതാണ്. ചിത്രത്തിന്റെ സംവിധാനം ഗോപി കുറ്റിക്കോലും കഥ, തിരക്കഥ, സംഭാഷണം കുമാരന് ബി.സിയും ക്യാമറ എഡിറ്റിംഗ് എന്നിവ ഫാറൂക്ക് സിറിയയും സംഗീതം സുരേഷ് പണിക്കറുമാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. ദിവാകരറൈ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് മുഖ്യാതിഥിയായിരുന്നു. ജില്ല എയ്ഡ്സ് സെല്ല് നോഡല്‍ ഓഫീസര്‍ ഡോ: ആമിന മുണ്ടോള്‍ എയ്ഡ്സ് ദിന സന്ദേശം നല്കി. ഗോപി കുറ്റിക്കോല്‍, ശാരദ തുടങ്ങിയവര്‍ സംസാരിച്ചു. ബി.അഷ്റഫ് സ്വാഗതവും സി.സി.ബാലചന്ദ്രന് നന്ദിയും പറഞ്ഞു