നഗസരഭാ കോര്പ്പറേഷന് പരിധികളില്‍ പൊതുശൗചാലയങ്ങളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ. ശുചിത്വമിഷന്്റെ ആഭിമുഖ്യത്തില്‍ നഗരസഭാ-കോര്പ്പറേഷന് പരിധികളിലെ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പരമാവധി പൊതുശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കണം. തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ശൗചാലയങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും വിശ്വാസ്യതയും നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം. സിസിടിവി ക്യാമറ ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണം. പ്ലാസ്റ്റിക്ക് ഷ്രെഡിങ്ങ് യൂണിറ്റുകള്‍ വന്നാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് കാന്‍സര്‍ വരുമെന്ന തെറ്റിദ്ധാരണ മാറ്റാന്‍ ആവശ്യമായ പ്രചാരണം നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാകളക്ടര്‍ നിര്‍ദേശം നല്കി. വെളിയിട വിസര്ജ വിമുക്ത നഗസഭകളാകുന്നതിനായുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വടക്കാഞ്ചേരി, ചാലക്കുടി, ഇരിങ്ങാലക്കുട നഗരസഭകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ നഗരസഭകളും ഒരുമാസത്തിനുള്ളില്‍ ആരംഭിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഹരിതപ്രോട്ടോക്കോള്‍ മുഴുവന്‍ മുനിസിപ്പാലിറ്റികളും കൃത്യമായി പാലിക്കണമെന്നും മുനിസിപ്പല്‍ പരിധികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാവശ്യമായ നടപടികള്‍ തദ്ദേശസ്ഥാപനങ്ങള്‍ കൈകൊള്ളണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജനപ്രതിനിധികളായ എം എല്‍ റോസി, എം രതി ടീച്ചര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
