ആലപ്പുഴ: മാലിന്യ സംസ്കരണം വെല്ലുവിളിയാകുന്ന സാഹചര്യം കണക്കിലെടുത്ത് സ്ഥാപന തലത്തിൽ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരുവുനായ ശല്യം പരിഹരിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ നായകളെ പിടികൂ‍ടുന്നതിനും സംരക്ഷിക്കുന്നതിന് ഷെല്‍ട്ടറുകള്‍ സജ്ജമാക്കുന്നതിനും പദ്ധതികളുണ്ടാകണം. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളില്ലും ആധുനിക സൗകര്യങ്ങളോടു കൂടിയ സ്ത്രീസൗഹൃദ ശുചിമുറികള്‍ ഒരുക്കുന്നതിന് പരിശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

80 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. പതിനാലാം പഞ്ചവത്സര പദ്ധതി മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവസ്ഥാ രേഖ തയ്യാറാക്കല്‍, വികസനരേഖ പരിഷ്കരണം എന്നിവ സംബന്ധിച്ച് തദ്ദേശസ്ഥാപന പ്രതിനിധികൾക്ക് യോഗത്തില്‍ ബോധവൽക്കരണം നൽകി.

തീരദേശ സംരക്ഷണത്തിന് ജൈവവേലി പദ്ധതി നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായി. 16 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വനം വകുപ്പുമായി ചേർന്ന് തീരപ്രദേശങ്ങളിൽ കാറ്റാടി മരം വച്ചുപിടിപ്പിക്കുകയും നിലവിലുള്ളവയെ സംരക്ഷിക്കുകയും ചെയ്യും. തീരശോഷണം തടയാനും കടൽക്ഷോഭം ചെറുക്കാനും കാർബൺ സന്തുലനം നിലനിർത്താനും ഇത് ഉപകരിക്കും.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പുലിയൂർ ഗ്രാമപഞ്ചായത്തിലെ താമരച്ചാൽ ജൈവിക പുനരുദ്ധാരണത്തിന് ആദ്യഘട്ടത്തിൽ 7.2 കോടി രൂപയുടെ പദ്ധതി ആസൂത്രണ സമിതി അംഗീകരിച്ച് സര്‍ക്കാരിന് സമർപ്പിക്കും. തടാകത്തിന്‍റെ ആഴം കൂട്ടൽ, സംഭരണ ശേഷി വർധിപ്പിക്കൽ, സംരക്ഷണഭിത്തി സ്ഥാപിക്കല്‍, തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കി താമരച്ചാലിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആലപ്പുഴ നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സപ്ലിമെന്‍ററി ലേബർ ബജറ്റ് അംഗീകരിച്ചു. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2021-22 ലെ പദ്ധതി നിർവഹണ പുരോഗതി യോഗം വിലയിരുത്തി. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടുകായൽ, കുട്ടനാട് അധിഷ്ഠിത പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നതിന് ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഇതിനായി വിവിധ മേലകളിലെ വിദഗ്ദരെ ഉൾപ്പെടുത്തി വിഷൻ ഷെയറിംഗ് നടത്താനും തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.