വൈപ്പിൻ: ഫോക്ക്ലോർ ഫെസ്റ്റിൽ ഇനി വൈവിധ്യമാർന്ന സാംസ്കാരികാഘോഷങ്ങളുടെ പകലിരവുകൾ. വിവിധ കേന്ദ്രങ്ങളിലായി നൃത്തനൃത്യങ്ങളും ഏകാംഗ നാടകം, കരോൾ, ചവിട്ടുനാടകം, മാപ്പിളപ്പാട്ട് , ഗസൽ സന്ധ്, തെയ്യം, തിറ എന്നിവയെല്ലാം മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിലായി അരങ്ങിലെത്തും. സംസ്കാരികാഘോഷങ്ങൾ ഇന്ന്( ബുധൻ ) നായരമ്പലം ഭഗവതി വിലാസം സ്കൂൾ മൈതാനത്ത് വൈകുന്നേരം നാലിനു കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ഡോ. കെ എസ് പുരുഷൻ മുഖ്യാതിഥിയാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, സെബി നായരമ്പലം തുടങ്ങിയവർ പങ്കെടുക്കും. കാലടി ശ്രീശങ്കര സംസ്കൃത സർവ്വകലാശാല ഭരതനാട്യം, മോഹിനിയാട്ടം വിഭാഗങ്ങളുടെ നൃത്താവതരണമാണ് ആദ്യം നടക്കുക. ആർഎൽവി സിന്ധു, ആർഎൽവി രാമകൃഷ്ണൻ, ഡോ. ദിവ്യ നെടുങ്ങാടി, അനുപമ മേനോൻ, കലാമണ്ഡലം അശ്വതി, കലാമണ്ഡലം വേണി എന്നിവരുടെ നൃത്തങ്ങളും വേദിയിലെത്തും.
രാത്രി ഒൻപതിന് മുളവുകാട് കൾച്ചറൽ ഫൈൻ ആർട്ട്സ് അവതരിപ്പിക്കുന്ന ഏകാങ്ക നാടകം ‘ഭീമഘടോൽകചം ബൊമ്മാനാട്ടം’. ജി ശങ്കരപ്പിള്ള രചിച്ച് കാലിക്കൂട്ടം സുരേന്ദ്രൻ സംവിധാനം ചെയ്ത നാടകത്തിൽ ധർമ്മജൻ ബോൾഗാട്ടി ഉൾപ്പെടെ വേഷമിടുന്നു. കാലടി ശ്രീശങ്കര സംസ്കൃത സർവ്വകലാശാല നൃത്തവിഭാഗങ്ങളുടെ കലാപരിപാടികൾ നാളെയും തുടരും. നാട്ടുകാരായ സംഗീത സംഘങ്ങളുടെ ഉൾപ്പെടെ കലാവതരണങ്ങളും നടക്കും. ചെറായി സഹോദരൻ സ്മാരക ഹാളിൽ തുടരുന്ന ഫോക്ക്ലോർ ഫിലിം ഫെസ്റ്റിൽ ഇന്ന് ജി അരവിന്ദന്റെ കുമ്മാട്ടി പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് പ്രദർശനം.
നാളെ കുഴുപ്പിള്ളി ബീച്ചിൽ കുടുംബശ്രീ ഭക്ഷ്യ – വിപണന മേളയ്ക്ക് തുടക്കമാകും. നാളെ വൈകിട്ട് വളപ്പിൽ സാന്തയ്ക്കൊപ്പം നടക്കാം പരിപാടിയും കരോളും നടക്കും. വൈകിട്ട് വളപ്പ് നിത്യസഹായ മാതാ പള്ളി വളപ്പിൽ നിന്നാരംഭിക്കുന്ന പരിപാടിയിൽ 101 പപ്പാഞ്ഞികൾ അണിനിരക്കും.