വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷവും വിജ്ഞാൻ സാഗറിലെ രണ്ട് സെമിനാർ ഹാളുകളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വികേന്ദ്രീകരണ പ്രവർത്തനങ്ങൾ കേരള മോഡലായി മാറി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുണ്ടായ പ്രവർത്തനങ്ങൾ കേരളത്തിൽ പ്രകാശ പൂർണ്ണമായ മാറ്റങ്ങൾക്ക് ഇടയാക്കിയെന്നും മന്ത്രി പറഞ്ഞു.
ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനപ്രതിനിധികളെ ആദരിച്ചു. രാമവർമ്മപുരം വിജ്ഞാൻ സാഗർ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ചന്ദ്രൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ എന്നിവർ പങ്കെടുത്തു.