വെണ്ണൂർതുറ നവീകരണത്തിന്റെ ഭാഗമായി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് അഡ്വ.വി ആർ സുനിൽ കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.

ജില്ലാ പഞ്ചായത്ത്‌ ജല രക്ഷ ജീവ രക്ഷ പദ്ധതിയുടെ കീഴിൽ വരുന്ന ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ വെണ്ണൂർ തുറ നവീകരണത്തിന്റെ ഭാഗമായി അന്നമനട, മാള, കാടുകുറ്റി പഞ്ചായത്തുകളിലെ സർവ്വെ ഡിസംബർ 31 ന് പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. കുഴൂർ പഞ്ചായത്തിലെ ലാൻഡ് സർവ്വെയുമായി ബന്ധപ്പെട്ട വിവരങ്ങൾ നാളെ സമർപ്പിക്കും. ജനുവരി ഏഴിനുള്ളിൽ സർവ്വേ പൂർത്തീകരിക്കാനും വേണ്ട നിർദ്ദേശം നൽകി.

പദ്ധതി കടന്ന് പോകുന്ന പ്രദേശങ്ങളിൽ കൃഷി അധികമായി എങ്ങനെ ചെയ്യാം എന്ന് കണ്ടെത്തുന്നതിന് കൃഷി ഓഫീസർമാർക്ക് ചുമതല നൽകി. തുറകളിൽ ഒഴുകി എത്തുന്ന മലിന ജലത്തിന്റെ തോത് ഇല്ലാതാക്കുന്നതിനും പായൽ വളമാക്കുന്നതിനുമുള്ള പദ്ധതികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചിത്വ മിഷനുമായി ബന്ധപ്പെട്ട് ആലോചിച്ചു നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.

അന്നമനട, കാടുകുറ്റി, മാള, കാടുകുറ്റി, കുഴൂർ എന്നീ പഞ്ചായത്തുകളിൽ തുറ നവീകരണവുമായി ബന്ധപ്പെട്ട് കണ്ടെത്താവുന്ന ടൂറിസം സാധ്യതകളെ സംബന്ധിച്ച പ്ലാൻ ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. വെണ്ണൂർ തുറ നവീകരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കാവുന്ന പദ്ധതികളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ഫിഷറീസ് വകുപ്പുമായി ചേർന്ന് തുറ നവീകരണവുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന മത്സ്യകൃഷി സംബന്ധിച്ച വിവരങ്ങളും കണ്ടെത്താൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരോടും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ലീല സുബ്രഹ്മണ്യൻ, വി എസ് പ്രിൻസ്,മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ,പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സിന്ധു അശോകൻ, പി വി വിനോദ്, സാജൻ കൊടിയൻ, ജില്ലാ പ്ലാനിങ് ഓഫീസർ കെ ശ്രീലത മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.