വൈപ്പിൻ: കുഴുപ്പിള്ളി ബീച്ചിന്റെ ആകാശത്ത് വർണമഴ പോലെ തെയ്യപ്പട്ടം ഉയർന്നു. ഫോക് ലോർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടം പറത്തൽ ശിൽപശാലയെ തുടർന്നുള്ള പട്ടംപറത്തൽ കാണികൾക്ക് ഹൃദ്യാനുഭവമായി. വിവിധ നാടൻ കലാരൂപങ്ങളുടെ മാതൃകയിൽ നിർമിച്ച പട്ടങ്ങൾ പറന്നുയർന്നത് ആർപ്പുവിളികളുടെ അകമ്പടിയോടെ.

കൈറ്റ് ലൈഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കുഴുപ്പിള്ളി ഇന്ദ്രിയ റിസോർട്ടിൽ രാജേഷ് നായരുടെ നേതൃത്വത്തിൽ നടന്ന വർക്ക്‌ ഷോപ്പിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. വിവിധ തരം പട്ടങ്ങളെ പറ്റിയും,വിവിധ രാജ്യങ്ങളിലെ ഫെസ്റ്റിവലിനെ പറ്റിയും രംഗത്തെ പ്രമുഖർ സംസാരിച്ചു.
തുടർന്ന് കുട്ടികൾ നിർമിച്ച പട്ടങ്ങൾ ബീച്ചിൽ പറത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ് രഞ്ജിനി, അസിസ്റ്റന്റ് കോർഡിനേറ്റർ എം ബി പ്രീതി, വിഎഫ്എഫ് ഭാരവാഹികളായ ഒ കെ കൃഷ്ണകുമാർ, എൻ എസ് സൂരജ്, കൈറ്റ് ലൈഫ് ഫൌണ്ടേഷൻ മെമ്പർ അപർണ നായർ,സലിം അലി എന്നിവർ നേതൃത്വം നൽകി.