കാക്കനാട്: ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾക്കായി അഞ്ചിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി നേടണം. അഞ്ചിൽ താഴെ എണ്ണം ആനകളെ ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ എഴുന്നള്ളിക്കാം. ഉത്സവ ആഘോഷ ഏകോപനത്തിന്റെയും നാട്ടാന പരിപാലകരുടെയും ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം.

അഞ്ചു മുതൽ ഏഴ് ആനകളെ വരെ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങൾക്കാണ് ജില്ലാ കളക്ടറുടെ അനുമതി തേടേണ്ടത്. കോവിഡ് പ്രോട്ടോ കോൾ പാലിക്കേണ്ട സാഹചര്യത്തിലാണ് തീരുമാനം. ഉത്സവത്തിന് 10 ദിവസം മുമ്പെങ്കിലും ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് നോട്ടീസ് നൽകി അനുമതിക്കായി ശ്രമിക്കണം.
എ.സി. എഫ്, തഹസിൽദാർ, പോലീസ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ കളക്ടർ തീരുമാനമെടുക്കുക. ഏഴിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി പ്രത്യേക കമ്മിറ്റി കൂടി യായിരിക്കും നൽകുക. ആനകളെ എഴുന്നള്ളിക്കുന്ന പ്രദേശം പരിശോധന നടത്തിയതിനു ശേഷമായിരിക്കും അനുമതി നൽകുക. ക്ഷേത്രങ്ങളിൽ പറ എഴുന്നള്ളിപ്പ് പൂർണമായും ഒഴിവാക്കാനും യോഗം തീരുമാനിച്ചു. ചെറായി – ചക്കുമരശ്ശേരി ക്ഷേത്രങ്ങൾ അടക്കമുള്ള ഒരു ക്ഷേത്രങ്ങളിലും തലപ്പൊക്കം മത്സരം നടത്തുവാൻ അനുവദിക്കില്ലെന്നും ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ യോഗത്തിൽ അറിയിച്ചു.

കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ ജാഫർ മാലിക്, എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ എ. ജയമാധവൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി.ഇന്ദിര, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹി എം.ബാലചന്ദ്ര മേനോൻ , ഫെസ്റ്റിവൽ കോ-ഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി സജേഷ് കെ.കെ. എന്നിവർ പങ്കെടുത്തു.