കാക്കനാട് : എറണാകുളം ജില്ലാ പഞ്ചായത്ത് പുറത്തിറക്കുന്ന അറിയപ്പെടാത്ത ഗ്രാമീണ സ്ത്രീകളുടെ നൂറു കവിതാസമാഹാരം പെണ്ണെഴുത്തിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓൺലൈനായി നിര്‍വഹിച്ചു. പെണ്ണെഴുത്ത് കവിതാ സമാഹാരം സ്ത്രീത്വത്തെ ബഹുമാനിക്കുന്നതും മാതൃകാപരമായ പദ്ധതിയുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കുടുംബങ്ങളിൽ പരസ്പര ബഹുമാനം നൽകുന്ന അന്തരീക്ഷമാണ് വേണ്ടത്. പലയിടങ്ങളിലും പുരുഷാധിപത്യം നിലനിൽക്കുന്ന സാഹചര്യങ്ങൾ കേരളത്തിലുണ്ട്. ഇതിന് തടയിടാൻ ബോധവത്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ചിത്തിര കുസുമം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ശിശു വികസന ഓഫീസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍ പ്രൊജക്ട് അവതരണവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡേണാ മാസ്റ്റര്‍ ആമുഖ പ്രസംഗവും നടത്തി.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റാണികുട്ടി ജോര്‍ജ്, ആശ സനല്‍, എം.ജെ ജോമി, അംഗങ്ങളായ എ.എസ് അനില്‍കുമാര്‍, ശാരദ മോഹന്‍ എന്നിവര്‍ പ്രതിഭകളെ ആദരിച്ചു. മഞ്ജു സാഗര്‍, സുനിത ഖില്‍ജി, കൃഷ്ണ ബാല എന്നിവര്‍ കവിത ആലപിച്ചു.. വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് ജോബി തോമസ് നന്ദിയും പറഞ്ഞു.

പദ്ധതിയില്‍ എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസക്കാരായ 15 വയസിനു മേല്‍ പ്രായമുളള വനിതകളുടെ രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, എസ്.സി/എസ്.ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാരുടെ രചനകള്‍ക്കു മുന്‍തൂക്കം നല്‍കിയാണു പെണ്ണെഴുത്ത് തയ്യാറാക്കിയിരിക്കുന്നത്.