ആലപ്പുഴ: വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സ്വാഭാവികമല്ലാത്ത ലക്ഷണങ്ങള്‍ പ്രകടമായാല്‍ ചികിത്സ തേടുന്നതിന് ജില്ലാതല കോവിഡ് കണ്‍ട്രോള്‍ റൂമിലെ 0477 2239999 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കടുത്ത പനി തുടരുക, ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുക, പള്‍സ് ഓക്‌സിമീറ്ററില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94ല്‍ താഴ്ന്നു നില്‍ക്കുക, നെഞ്ചില്‍ വേദയോ ഭാരമോ അനുഭവപ്പെടുക, ശരീരവേദന, കടുത്ത ക്ഷീണം, പേശീവേദന, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവരാണ് വൈദ്യ സഹായം തേടേണ്ടത്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ചികിത്സാ കേന്ദ്രത്തിലേക്ക് മാറണം.

നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ഡിസി മില്‍സ് എന്നിവിടങ്ങിള്‍ കോവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളുണ്ട്. ഈ കേന്ദ്രങ്ങളില്‍ രോഗികള്‍ നേരിട്ടു ചെല്ലുന്നത് ഒഴിവാക്കി കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കണം- ഡി.എം.ഒ അറിയിച്ചു.