ഇത്തവണ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി മെഗാസംഗീത പരിപാടികളടക്കം വിപുല ആഘോഷമാണ് ഡി.റ്റി.പി.സി ഒരുക്കുന്നത്. സംഘാടക സമിതി ചെയര്‍മാനായ എം. മുകേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഓഗസ്റ്റ് 19ന് തുടങ്ങുന്ന ഫ്‌ളവര്‍ഷോ ഓണാഘോഷത്തിന്റെ ആദ്യപരിപാടിയായി നിശ്ചയിച്ചു. ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപമാണ് പൂക്കളുടെയും ചെടികളുടേയും വൈവിധ്യമൊരുക്കുന്ന പ്രദര്‍ശനം.
ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 22ന് നടക്കും. 28നാണ് സമാപനം. ഉദ്ഘാടന ചടങ്ങിന് ശേഷവും തിരുവോണം, സമാപനദിനം എന്നീ ദിവസങ്ങളിലുമാണ് മെഗാ സംഗീത പരിപാടികള്‍ അരങ്ങേറുക. കൊല്ലം ബീച്ച്, ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവടങ്ങളിലാണ് വേദികള്‍.
നീണ്ട ഇടവേളയ്ക്ക് ശേഷം പാരമ്പര്യ ഫെസ്റ്റിവലും തിരികെയെത്തുകയാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള കലാകാര•ാര്‍ പങ്കെടുക്കുന്ന മേളയില്‍ തത്സമയ ചിത്രരചനയും കരകൗശല നിര്‍മാണവും കൗതുകമാകും.
യോഗത്തില്‍ ഡി.റ്റി.പി.സി ഭരണസമിതി അംഗങ്ങളായ എക്‌സ്. ഏണസ്റ്റ്, കെ. ശ്രീകുമാര്‍, സെക്രട്ടറി സി. സന്തോഷ്‌കുമാര്‍, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ജോയ് ജനാര്‍ദ്ദനന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.