പി&ടി കോളനി പുനരധിവാസം: ഭവനസമുച്ചയം 10 മാസത്തിനുള്ളില്‍
കൊച്ചി: ലൈഫ് പദ്ധതി ആദ്യഘട്ടം 82% പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ഭവനനിര്‍മാണം തുടങ്ങി, പൂര്‍ത്തിയാക്കാനാവാത്ത വീടുകളായിരുന്നു ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ആദ്യഘട്ടത്തിലെ ബാക്കിയുളള വീടുകള്‍ ആഗസ്റ്റ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി പി&റ്റി നഗര്‍ കോളനിവാസികള്‍ക്കായി നിര്‍മിക്കുന്ന ഭവനസമുച്ചയത്തിന്റെ ശിലാസ്ഥാപനം തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ ഭവനസമുച്ചയം പത്തു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കായി മുന്‍പ് സഹായധനം കൈപ്പറ്റിയ ചില വ്യക്തികള്‍ ഇപ്പോള്‍ എവിടെ എന്ന് വ്യക്തമല്ല. ഇക്കാര്യം അനേ്വഷിച്ച് വ്യക്തത വരുത്താന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭവന നിര്‍മ്മാണത്തിനായി സഹായധനം കൈപ്പറ്റിയെങ്കിലും രോഗം, പ്രായം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട് സ്വന്തമായി വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വരുണ്ട.് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നാട്ടുകാരുടെ ഇടപെടല്‍ ഉറപ്പുവരുത്തിക്കൊണ്ട് അത്തരം ഗുണഭോക്താക്കളുടെ വീടു പണി പൂര്‍ത്തിയാക്കാന്‍ മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തമായി സ്ഥലമുണ്ടെങ്കിലും വീട് ഇല്ലാത്ത ഗുണഭോക്താക്കള്‍ക്കായുള്ള ഭവനനിര്‍മാണം ലൈഫ് പദ്ധതിയുടെ അടുത്ത ഘട്ടമായി ആരംഭിച്ചു. ഇതിനായി സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എണ്‍പതിനായിരം രൂപ നല്‍കണം. ഭവന നിര്‍മ്മാണത്തിനായി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയവരില്‍ ചിലര്‍ പരിശോധനയ്ക്ക് ഹാജരായിട്ടില്ല. ഇതിനുള്ള കാരണങ്ങള്‍ തദ്ദേശസ്വയംഭരണവകുപ്പ് പരിശോധിക്കും. സാങ്കേതിക പ്രശ്‌നം കാരണം വീട് നിര്‍മ്മാണം തടസ്സപ്പെട്ടവരുടെ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ അനുഭാവപൂര്‍ണമായ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ വീട് നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനും വീട് നിര്‍മിക്കാന്‍ അനുമതി നല്കാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും റവന്യു വകുപ്പിലെയും ഉദേ്യാഗസ്ഥര്‍ മുന്‍കൈ എടുക്കണം.
വീടും സ്ഥലവും ഇല്ലാത്തവര്‍ക്കുള്ള ഭവന നിര്‍മാണത്തിനും ഉടന്‍ തുടക്കം കുറിക്കും. സമയബന്ധിതമായി ഈ പദ്ധതിയും പൂര്‍ത്തിയാക്കും.
ലൈഫ് പദ്ധതിയുടെ ഇപ്പോഴുള്ള പട്ടികയില്‍ ഉള്‍പ്പെടാത്ത, അര്‍ഹരായ മറ്റു വ്യക്തികളുടെ അപേക്ഷ പരിശോധനയ്ക്കുശേഷം അടുത്തഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ ടി ജലീല്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. കൊച്ചി നഗരസഭയുടെ 63-ാം ഡിവിഷനിലെ ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന പി & ടി കോളിനിയിലെ 85 കുടുംബങ്ങള്‍ക്കായാണ് തോപ്പുംപടിയില്‍ ഭവനസമുച്ചയം ഒരുങ്ങുന്നത്. പി & ടി നഗര്‍ കോളനിയിലെ ജനങ്ങള്‍ നഗരസഭ പരിധിക്കുള്ളില്‍ നിന്നുതന്നെ ജീവിതോപാധി കണ്ടെത്തുന്നവരാണ്. അതിനാല്‍ നഗരസഭയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ ഇവരെ പുനരധിവസിപ്പിക്കുനായി ജിസിഡിഎയുടെ ഉടമസ്ഥതയിലുളള തോപ്പുംപടി – മുണ്ടംവേലിയിലാണ് പദ്ധതി നടപ്പില്‍ വരുത്തുക. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്ഥലം സാധാരണക്കാര്‍ക്ക് ഭവനത്തിനായി നല്കുന്നത്, സര്‍ക്കാരിന്റെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസന സമീപനത്തിന്റെ സാക്ഷ്യപത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഭവനരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് ലൈഫ് മിഷനിലൂടെ നടപടികളെടുക്കുകയാണ്. അടുത്തഘട്ടമായി വിശന്നിരിക്കുന്നവരുണ്ടാവരുതെന് ന ഉദ്ദേശ്യത്തോടെ അഗതിരഹിതകേരളം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ ജെ മാക്‌സി, പി ടി തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, നഗരസഭ സെക്രട്ടറി എ എസ് അനൂജ, കൗണ്‍സിലര്‍മാരായ കെ ജെ ആന്റണി, ഡോ പൂര്‍ണിമ നാരായണന്‍, ശ്യാമള എസ് പ്രഭു, കെ ജെ പ്രകാശന്‍, ജിസിഡിഎ സെക്രട്ടറി പി ആര്‍ ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
ഏകദേശം 70 സെന്റ് സ്ഥലത്ത് രണ്ടു ബ്‌ളോക്കുകളിലായി 88 വീടുകളുള്ള ഭവനസമുച്ചയമാണ് പണിയാനുദ്ദേശിക്കുന്നത്. 400 സ്‌ക്വഫീറ്റോളം വരുന്ന ഓരോ വീട്ടിലും ഒരു സ്വീകരണമുറി, രണ്ടു കിടപ്പുമുറികള്‍, അടുക്കള, ടോയ്‌ലെറ്റ് എന്നിവയാണ് ഉണ്ടാവുക. ലൈഫ് മിഷന്‍ പദ്തിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച് നല്കുന്ന തുക കൂടാതെ പദ്ധതി നിര്‍വഹണത്തിനായി വേണ്ടിവരുന്ന അധിക തുക പൊതുമേഖല കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാഫണ്ട് അടക്കമുള്ള ഇതര സാമ്പത്തിക സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തും.