*പ്രവേശനോദ്ഘാടനം ഇന്ന് മന്ത്രി നിര്‍വഹിക്കും
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷിതമായി താമസിക്കുന്നതിന് പെരിന്തല്‍മണ്ണയില്‍ ആധുനിക സൗകര്യത്തോടു കൂടി നിര്‍മിച്ച ‘വനിതാ മിത്ര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും. പ്രവേശനോദ്ഘാടനം ഇന്ന്( ഫെബ്രുവരി 19) ഉച്ചക്ക് 1.30ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. നജീബ് കാന്തപുരം എം.എല്‍.എ താക്കോല്‍ ദാനം നിര്‍വഹിക്കും. പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.ഷാജി അധ്യക്ഷനാവും. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും.
പെരിന്തല്‍മണ്ണ നഗരസഭയിലെ എരവിമംഗലത്ത് ലീസിന് അനുവദിച്ച സ്ഥലത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ആറ് കോടി രൂപയോളം ചെലവഴിച്ചാണ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. വൈഫൈ സൗകര്യം, നാപ്കിന്‍ ഇന്‍സിനേററ്റര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് വനിതാ വിശ്രമ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സിംഗിള്‍, ഡബിള്‍, ട്രിപ്പിള്‍, അംഗപരിമിതര്‍ക്കുളള റൂം എന്നിങ്ങനെ തരം തിരിച്ച് 100 പേര്‍ക്ക് താമസിക്കുവാനുളള സൗകര്യങ്ങളാണ് ഹോസ്റ്റലിലുള്ളത്. രാത്രി വൈകി ജോലി സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കും പ്രവേശനത്തിന് പ്രത്യേക അനുമതി നല്‍കും. പെരിന്തല്‍മണ്ണ ടൗണില്‍ കുറഞ്ഞ ദിവസത്തേക്ക് എത്തിച്ചേരുന്ന വിദ്യാര്‍ഥിനികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മറ്റും അതിഥി സൗകര്യങ്ങളും ലഭ്യമാണ്.