പണിമൂല ദേവീക്ഷേത്രത്തിലെ ദ്വിവത്സര സപ്തദിന ദേശീയോത്സവ നടത്തിപ്പിന് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പൂര്‍ണ്ണസജ്ജമാണെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.എം ഇ. മുഹമ്മദ് സഫീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഉത്സവ നടത്തിപ്പിനായി ഒരുക്കിയിരിക്കുന്നത്. ഉത്സവ സമയങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും മുഴുവന്‍ സമയ ആംബുലന്‍സ് സേവനവും ഉണ്ടാകും. ഉത്സവ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ഉത്സവം. ഉത്സവത്തിന്റെ സുഗമമമായ നടത്തിപ്പിന് പൊലീസ്, അഗ്നിരക്ഷാസേന, എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ മുഴുവന്‍ സമയ സേവനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും ക്ഷേത്രഭാരവാഹികളും പങ്കെടുത്തു. ഏപ്രില്‍ അഞ്ച് മുതല്‍ 11 വരെയാണ് ഉത്സവം.
