ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് വളപ്പിലെ മരത്തണൽ ഇന്നലത്തെ പകൽ വർണ്ണകാഴ്ചകളുടെ വിസ്മയ ലോകമായി. പ്രശസ്ത ചിത്രകാരന്മാരും ചിത്രകലാ വിദ്യാർഥികളും ഒത്തു ചേർന്നപ്പോൾ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ ക്യാൻവാസുകളിൽ പുനർജ്ജനിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ജില്ലാതല ആഘോഷത്തോട് അനുബന്ധിച്ചാണ് തത്സമയ ചിത്ര രചന സംഘടിപ്പിച്ചത്.

ആലപ്പുഴ നവോദയ വിദ്യാലയത്തിലെ അധ്യാപകനായ വി.എസ്‌. സജികുമാറിന്റെ നേതൃത്വത്തിൽ ജയപ്രകാശ് പഴയിടം, ടി.ആർ രാജേഷ്, റെജി ചെങ്ങന്നൂർ, പാർത്ഥസാരഥി വർമ്മ, പ്രതീഷ് രാജ്, ബിനു കൊട്ടാരക്കര, അഭിജിത് ഉദയൻ, പ്രണവ് പ്രദീപ്, കെ.എസ്‌ വിജയൻ, കെ.ആർ വിശ്വജിത് എന്നിവരാണ് ചിത്രങ്ങൾ വരച്ചത്.

വൈകുന്നേരം ഉദ്ഘാടന ചടങ്ങിന്റെ വേദിക്ക് മുന്നിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചിത്രകാരന്മാരെ മന്ത്രി സജി ചെറിയാൻ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. വിദ്യഭ്യാസ വകുപ്പ് മുൻപ് സംഘടിപ്പിച്ച അസാദി ക രംഗോലി ചരിത്ര ചിത്ര രചന ക്യാമ്പിൽ തയ്യാറാക്കിയ ചിത്രങ്ങളുടെ പ്രദർശനം, സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ദേശഭക്തി ഗാന, ചിത്ര രചനാ മത്സരങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി.