യോജിപ്പിന്റെ സ്വരമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അതിന് തടസ്സമാകുന്ന ശക്തികളെ ഒറ്റകെട്ടായി നേരിടണമെന്നും ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം ചെങ്ങന്നൂർ ഐ.എച്ച്. ആർ.ഡി എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ശാസ്ത്ര ബോധവും യുക്തി ബോധവുമുള്ള ഒരു സമൂഹമായി വളരാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. ലോകത്തിലെ എല്ലാ മാറ്റങ്ങളെയും വികസനങ്ങളെയും ശാസ്ത്ര ബോധത്തോടെയും യുക്തിബോധത്തോടെയും സമീപിക്കാൻ നമുക്ക് കഴിയണം.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പലരീതിയിലുള്ള സമരങ്ങളും പോരാട്ടങ്ങളും രാജ്യത്ത് അരങ്ങേറിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷ് കപട ബുദ്ധിയുടെ പരിശ്രമ ഫലമായി മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടു. പതിറ്റാണ്ടുകൾക്ക് ശേഷവും പല ശക്തികളും ഇത്തരം പരിശ്രമങ്ങൾ തുടരുന്നു. ഇതിനെതിരെ ജാഗ്രത പുലർത്താൻ നമുക്ക് കഴിയണം. മതേതരത്ത്വം എന്ന മഹത്തായ ആശയം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളെ അതിജീവിക്കാൻ രാജ്യത്തെ മതേതര സമൂഹത്തിനാവണം- അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിട്ടെങ്കിലും ബ്രിട്ടീഷ് പ്രാഭവം വിട്ടുമാറാത്ത മേഖലകൾ ഇപ്പോഴും രാജ്യത്തുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ പ്രൊഫ. വി. കാർത്തികേയൻ നായർ പറഞ്ഞു.

രാജ്യത്തെ നിയമ വ്യവസ്ഥിതി, വിദ്യാഭ്യാസം, ജനപ്രാതിനിത്യ സംവിധാനം തുടങ്ങിയ മേഖലകളിൽ ബ്രിട്ടീഷ് സ്വാധീനം ഇപ്പോഴും തുടരുന്നു. സാംസ്കാരികവും മാനസികവുമായ അടിമത്വത്തിൽ നിന്നും നാം മോചിതരാകേണ്ടതുണ്ട്.

മലയാളത്തെ വൈജ്ഞാനിക ഭാഷയാക്കി മാറ്റിയാൽ മാത്രമേ പൂർണമായും ഒരു വൈജ്ഞാനിക സമൂഹമായി മാറാൻ നമുക്ക് കഴിയൂ -‌ അദ്ദേഹം പറഞ്ഞു.

നഗരസഭ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ വി. വിജി, സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം ജി. കൃഷ്ണകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. തിലകരാജ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഷാജിലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.