* 20 രൂപയ്ക്ക് ഊണ്
സംസ്ഥാനത്ത് എല്ലാവർക്കും ഒരുനേരം ഊണ് ലഭ്യമാക്കണം എന്ന സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് വിശപ്പുരഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടൽ സംവിധാനവും ആരംഭിക്കുന്നത്. 2019-2020 ലെ സംസ്ഥാന ബജറ്റിൽ വിശപ്പുരഹിതം കേരളം പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനെ ഏൽപ്പിക്കുകയും ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് നാമമാത്രമായ നിരക്കിൽ നല്ല ഗുണനിലവാരമുള്ള ആരോഗ്യകരമായ ഊണ് നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിന്റെ ഭാഗമായാണ് കുടുംബശ്രീ മീഷൻ മുഖേന ജനകീയ ഹോട്ടൽ സംവിധാനം സംസ്ഥാനത്ത് നിലവിൽ വരുന്നത്. ഇപ്പോൾ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1180 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം 110, കൊല്ലം 82, പത്തനംതിട്ട 59, ആലപ്പുഴ 89, കോട്ടയം 82, ഇടുക്കി 51, എറണാകുളം 114, തൃശ്ശൂർ 97, പാലക്കാട് 102, മലപ്പുറം 128, വയനാട് 28, കോഴിക്കോട് 105, കണ്ണൂർ 90, കാസറഗോഡ് 43 എന്നിങ്ങനെയാണ് സംസ്ഥാനത്ത് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. കുടുംബശ്രീ ജനകീയ ഹോട്ടൽ വഴി 20 രൂപയ്ക്കാണ് (പാഴ്‌സലിന് 25 രൂപ) ഊണ് നൽകുന്നത്. 10% സൗജന്യ ഊണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലൂടെ നിരാലംബർക്കും കിടപ്പിലായവർക്കും നൽകുന്നുണ്ട്.
ഒരു യൂണിറ്റിന് ഊണിനു 10 രൂപ സബ്‌സീഡിയും ജനകീയ ഹോട്ടൽ രൂപീകരണത്തിന് മെഷിനറികളും പാത്രങ്ങളും വാങ്ങാൻ ഒരു യൂണിറ്റിന് 50,000 രൂപ വരെ റിവോൾവിംഗ് ഫണ്ടും നൽകുന്നു. യൂണിറ്റുകളുടെ പ്രവർത്തനത്തിന് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗജന്യമായി നൽകും. ജനകീയ ഹോട്ടലുകളിലേക്ക് കിലോയ്ക്ക് 10.90 രൂപ സബ്‌സിഡി നിരക്കിൽ അരി സംഭരിക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് സഹായിക്കുന്നു. ജനകീയ ഹോട്ടലിലെ ഊണിന് സബ്‌സിഡിയായി കുടുംബശ്രീ ഇതുവരെ 73.64 കോടി രൂപ ചെലവഴിച്ചു.
രണ്ട് പതിറ്റാണ്ടുകളായി ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ത്രീകൾക്കിടയിൽ വിവിധ ഉപജീവന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കുടുംബശ്രീ മിഷനാണ്. ഉൽപ്പാദന-സേവന- വിപണന മേഖലകളിലെ വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങളിലൂടെയുള്ള സ്വയം തൊഴിൽ, കാർഷിക രീതികൾ, വേതനാധിഷ്ഠിത തൊഴിലുകൾ എന്നിവയാണ് കുടുംബശീ മിഷൻ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ. സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വഴി 4885 കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനമാർഗമായി മാറി. ജനകീയ ഹോട്ടലുകൾ വഴി പ്രതിദിനം ശരാശരി രണ്ടു ലക്ഷം ഊണ് ആണ് വിറ്റഴിക്കുന്നത്.