മതേതര രാജ്യമായ ഇന്ത്യയില്‍ മതം പൗരത്വത്തിന്റെ നിര്‍വചനത്തിന്റെ പ്രധാന ഘടകമായി മാറുകയാണെന്ന് സമം സംസ്ഥാന അധ്യക്ഷ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച ഭരണഘടനയും മൗലിക അവകാശങ്ങളും എന്ന വിഷയത്തില്‍നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുജ സൂസന്‍ ജോര്‍ജ്.
നമ്മുടെ നാളെകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ യുവജനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം. ഭരണഘടനയുടെ സംരക്ഷകര്‍ ഇന്ത്യയുടെ ജനങ്ങള്‍തന്നെയാണ്. ജനങ്ങള്‍ക്കുവേണ്ടിയുണ്ടാക്കി അവര്‍ക്കു തന്നെ നല്‍കിയ ഭരണഘടനയാണ് നമ്മുടേത്. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഭരണഘടനയും നമ്മുടേതാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും, അന്തസും, തുല്യതയും സംരക്ഷിക്കപ്പെടുന്ന അവകാശമാണ് മൗലികാവകാശം. ഇന്ത്യന്‍ ഭരണഘടനയുടെ ആറ്റിക്കുറുക്കിയ രൂപമാണ് അതിന്റെ ആമുഖമെന്നും പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു.