പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ പഞ്ചായത്താണ് കീരംപാറ. വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണ് പഞ്ചായത്തിലുള്ളത്. കാര്‍ഷിക ഗ്രാമമെന്ന നിലയില്‍ കൃഷിക്കും അതിനൊപ്പം വിനോദസഞ്ചാരത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് നീങ്ങുകയാണ് കീരംപാറ. പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോയുടെ വാക്കുകളിലേക്ക്…..

ടൂറിസത്തിന് അനന്തസാധ്യതകള്‍

കീരംപാറ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ടൂറിസം സാധ്യതകളിലേക്കാണ് വഴി തുറക്കുന്നത്. ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇഞ്ചത്തൊട്ടി തൂക്ക് പാലം, പെരിയാറിന്റെ മനോഹരമായ കാഴ്ചകള്‍, പുന്നേക്കാടിനു സമീപമുള്ള 611 മുടി, നാടുകാണി മല തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍. ഇവയെ ഉള്‍പ്പെടുത്തി ഒരു ടൂറിസം പാക്കേജാണ് ഉദ്ദേശിക്കുന്നത്. വിദേശികളെ ഉള്‍പ്പെടെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ) തയ്യാറാക്കുകയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പഞ്ചായത്തിലെ വനിതകള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെയും സമീപിച്ചിട്ടുണ്ട്. വിവിധ ടൂറിസം ഫെസ്റ്റുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖല

കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രധാന്യമുള്ള പഞ്ചായത്താണ് കീരംപാറ. ഈ സാമ്പത്തിക വര്‍ഷത്തില്‍ സമഗ്ര പുരയിടകൃഷി പദ്ധതി ആവിഷ്‌കരിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈ, പച്ചക്കറിത്തൈ തുടങ്ങിയവ വിതരണം ചെയ്തു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ക്ഷീരമേഖലയില്‍ കാലീത്തീറ്റയ്ക്ക് സബ്സിഡി കൊടുക്കുന്നുണ്ട്. ആടുവളര്‍ത്തല്‍ സ്‌കീം നടപ്പിലാക്കി വരുന്നു. മൃഗാശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്.

പൊതുവിദ്യാലയങ്ങളെ ഹൈടെക് ആക്കും

പഞ്ചായത്തിന് കീഴില്‍ രണ്ട് പൊതുവിദ്യാലയങ്ങളാണുള്ളത്. ഇവയുടെ ഭൗതിക സാഹചര്യം ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. രണ്ട് സ്ഥാപനങ്ങളിലും 10 ലക്ഷം രൂപ വീതം ചെലവഴിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെ ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നു. നാടുകാണിയില്‍ എസ്.സി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി പ്രതിഭാകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നതിനും കുടിവെള്ളം എത്തിക്കുന്നതിനും പഞ്ചായത്ത് നടപടിയെടുത്തു.

ക്ലീന്‍ കീരംപാറ, ഗ്രീന്‍ കീരംപാറ

ക്ലീന്‍ കീരംപാറ, ഗ്രീന്‍ കീരംപാറ എന്ന പദ്ധതി ആവിഷ്‌കരിച്ചു. ജനകീയ പങ്കാളിത്തത്തോടെ മാലിന്യപ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. പഞ്ചായത്തില്‍ ഹരിത കര്‍മസേന പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ജൈവമാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ബയോ ബിന്നുകള്‍ വൈകാതെ വിതരണം ചെയ്യും.

എല്ലാവര്‍ക്കും വീട്

ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം പഞ്ചായത്തില്‍ മികച്ചരീതിയില്‍ നടന്നുവരുന്നു. വീടില്ലാത്ത 250 കുടുംബങ്ങള്‍ ഇനിയും പഞ്ചായത്തിലുണ്ട്. ഈ ഭരണസമിതിയുടെ കാലയളവില്‍ അവര്‍ക്കെല്ലാം വീട് നല്‍കുക എന്നതാണ് ലക്ഷ്യം.

കുടിവെള്ള പദ്ധതി

കുടിവെള്ളക്ഷാമമുള്ള ചില പ്രദേശങ്ങള്‍ പഞ്ചായത്തിലുണ്ട്. അത് ശാശ്വതമായി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. നിലവില്‍ 19 കോടിയുടെ പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. അതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് ഗാര്‍ഹിക കണക്ഷനുകളും നല്‍കുന്നുണ്ട്.

അഭിമുഖം: അമല്‍ കെ വി