പൊതുസ്ഥലങ്ങളില്‍ ശുചിമുറി മാലിന്യം തള്ളുന്നവര്‍ക്കെതിരെയും
ഫിറ്റ്നസില്ലാത്ത സ്കൂള്‍ വാഹനങ്ങള്‍ക്കെതിരെയും നടപടി
കൊച്ചി: കൊച്ചി കോര്പ്പറേഷന് പരിധിയിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി കവചിത വാഹനങ്ങള്‍ ഉപയോഗിക്കാത്ത കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പി.ടി. തോമസ് എംഎല്‍എ. കണയന്നൂര്‍ താലൂക്കില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യങ്ങളുമായി തുറന്നതും ചോര്‍ന്നൊലിക്കുന്നതുമായ വാഹനങ്ങള്‍ പോകുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കൊച്ചി കോര്പ്പറേഷന് കീഴില്‍ എത്ര വാഹനങ്ങള്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എത്രയെണ്ണം ചോര്ന്നൊലിക്കുന്നുണ്ടെന്നതുമായ വിശദമായ റിപ്പോര്‍ട്ടുമായി അഡീഷണല്‍ സെക്രട്ടറി അല്ലെങ്കില്‍ ഹെല്‍ത്ത് ഓഫീസര്‍ ഹാജരാകണമെന്ന് എംഎല്‍എ പറഞ്ഞു. എക്സൈസ്, പിഡബ്ല്യുഡി, കെഎസ്ഇബി തുടങ്ങിയ പ്രധാന വകുപ്പുകള്‍ വികസന സമിതി യോഗത്തില്‍ കൃത്യമായി പങ്കെടുക്കാത്തതില്‍ സമിതി ഖേദം പ്രകടിപ്പിച്ചു.
പനമ്പിള്ളി നഗറില്‍ ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നതിനെ സംബന്ധിച്ച് ലഭിച്ച പരാതി സമിതി ചര്‍ച്ച ചെയ്തു. ഇതിനായി പ്രത്യേക നിറത്തിലുള്ള വാഹനങ്ങളാണ് വേണ്ടത്. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു. സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട പരാതിയില്‍ ഫിറ്റ്നസ് സ്റ്റിക്കര്‍ പതിപ്പിക്കാത്ത 120 വാഹനങ്ങളുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചതായി ആര്‍ടിഒ പറഞ്ഞു. സ്കൂള്‍ വാഹനങ്ങള്‍ ഒന്നിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ നാട്ടുകാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിനായി ആര്‍ടിഒ ഓഫീസിന് നിര്‍ദ്ദേശം നല്കി.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്ലെന്നും ആംബുലന്‍സ് സേവനം ലഭ്യമല്ലെന്നും ശരിയായ രീതിയില്‍ ശുചിത്വ പരിപാലനം നടക്കുന്നില്ലെന്നും കാണിച്ച് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി ഡിഎംഒ യോട് വ്യക്തമായ റിപ്പോര്‍ട്ട് നല്കാന് എംഎല്‍എ ആവശ്യപ്പെട്ടു. മരട് നഗരസഭ പരിധിയില്‍ കുണ്ടന്നൂര്‍ ഭാഗത്ത് അര സെന്റ് കടമുറി ഒഴിഞ്ഞു നല്കുകയാണെങ്കില് ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. ഇതിനെ സംബന്ധിച്ച് സമിതി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റിയോടോ മരട് നഗരസഭയോടോ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി.
ആര്‍ടിഒ മനോജ് വി.പി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ റൈമണ്ട്, കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലൂണ വി.നായര്‍, കൊച്ചി കോര്പ്പറേഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാധിക ഹരികുമാര്‍, എന്‍എച്ച് ഇടപ്പിള്ളി സബ്ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി സന്തോഷ്കുമാര്‍, ആരോഗ്യ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് അപര്‍ണ കര്‍ത്ത, കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ പി.എസ് ഷൈന്‍, ആന്റണി പൈനുതറ തുടങ്ങിയവര്‍ പങ്കെടുത്തു.