നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വികസന പദ്ധതികളില്‍ ശ്രദ്ധചെലുത്തി കൊടുങ്ങല്ലൂര്‍ നഗരസഭ. അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കായി പ്രത്യേക പരിപാടികളാണ് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍പ്പിടം പദ്ധതിയില്‍ പിഎംഎവൈ ജനറല്‍ നഗരസഭാ വിഹിതം, വീട് വാസയോഗ്യമാക്കല്‍ – എന്നിങ്ങനെ 2.5 കോടിരൂപയുടെ പദ്ധതികളാണുള്ളത്.
പട്ടികജാതി വിഭാഗക്കാര്‍ക്കായി 2.29 കോടിരൂപയാണ് നീക്കിവിച്ചിരിക്കുന്നത്. വീടുനിര്‍മ്മാണം, വീടുപണി പൂര്‍ത്തിയാക്കി വാസയോഗ്യമാക്കല്‍, ഭൂരഹിതര്‍ക്ക് ഭൂമിവാങ്ങല്‍, മെറിറ്റോറിയല്‍ സ്കോളര്‍ഷിപ്പ്, വിദേശജോലിക്കുള്ള ധനസഹായം. വിവാഹധനസഹായം, ആറുകണ്ടം പട്ടികജാതി കോളനി കരിങ്കല്‍ചിറ കെട്ടി സംരക്ഷിക്കല്‍, ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്, ഇന്‍സാനിറ്ററി ടോയ്ലെറ്റുകളെ ശുചിത്വമുള്ള ടോയ്ലെറ്റുകളാക്കുക, ഹരിജന്‍ കോളനി ലിങ്ക് റോഡ് നിര്‍മ്മാണം, എസ്സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി ധനസഹായം, വനിതകള്‍ക്ക് അലങ്കാര മത്സ്യ വിത്തുല്‍പ്പാദനവും വളര്‍ത്തലും, 8,9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മോട്ടിവേഷണല്‍ ക്ലാസ്സ് എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും.
ഷീലോഡ്ജ് നിര്‍മ്മാണം, കന്നുകുട്ടി പരിപാലനം, മുട്ടക്കോഴി വിതരണം, പേപ്പര്‍ബാഗ് നിര്‍മ്മാണം, ബയോ ഡീഗ്രേഡബിള്‍ സഞ്ചി നിര്‍മ്മാണ യൂണിറ്റ് , ജീവിതശൈലീ രോഗങ്ങളുടെ പരിശോധനക്കായുള്ള മൊബൈല്‍ യൂണിറ്റ്, കറവ പശു വിതരണം , രാഷ്ട്രഭാഷ ഹിന്ദി പരിശീലനം എന്നിങ്ങനെ 81.58 ലക്ഷം രൂപയുടെ വനിതാഘടക പദ്ധതികളാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്ളത്. വയോമിത്രം, വ്യദ്ധര്‍ക്ക് കട്ടില്‍, പാലിയേറ്റീവ് കെയര്‍, പകല്‍വീട് , സുശാന്തം വയോജനക്ഷേമകേന്ദ്രം, ആശ്രയ പദ്ധതി എന്നിങ്ങനെ 57.45 ലക്ഷം രൂപയുടെ വയോജനക്ഷേമ പദ്ധതികളും നടപ്പിലാക്കാന്‍ നഗരസഭ ലക്ഷ്യമിടുന്നു.
കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി കലാകായികസംഗമം, ഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട- യൂറോപ്യന്‍ ക്ലോസറ്റ് , നാടക പരിശീലന ക്യാമ്പുകളും സര്‍ഗ്ഗോല്‍സ്സവങ്ങളും സംഘടിപ്പിക്കല്‍, ഹരിത വിദ്യാലയം, എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ജൈവവൈവിധ്യ പാര്‍ക്ക് സ്ഥാപിക്കല്‍, ശുഭാപ്തി ഡിസെബിലിറ്റി റിസോഴ്സ് സെന്‍റര്‍ ,കോക്ലിയാര്‍ ഇംപ്ലാന്‍റിന് സാമ്പത്തിക സഹായം എന്നീ പദ്ധതികള്‍ക്കായി 79.65 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പട്ടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ 23.50 ലക്ഷം രൂപ ചെലവഴിച്ച് അള്‍ട്രാസൗണ്ട് സ്കാനിംഗ് മെഷീന്‍ സ്ഥാപിച്ചു. കിടപ്പുരോഗികള്‍ക്ക് ആധുനിക ചികില്‍സാ സൗകര്യങ്ങള്‍ നല്‍കുന്നതിനും വയോജനങ്ങള്‍ക്ക് മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നന്നതിനും 24 ലക്ഷം രൂപയും സൗജന്യ ഡയാലിസിസ് സഹായത്തിന് 15 ലക്ഷം രൂപയും ചിലവഴിച്ചു. സബ്സെന്‍ററുകള്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ആനാപ്പുഴ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ ചുറ്റുമതില്‍ പണി പൂര്‍ത്തീകരണഘട്ടത്തിലാണ്. കേന്ദ്രത്തിലേക്ക് 3 ലക്ഷം രൂപയുടെ മരുന്നുകളും വാങ്ങി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകൂടി ഉപയോഗപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ധനസഹായത്തിനുപുറമെ 1.22 കോടി രൂപ പി.എം.എ.വൈ പദ്ധതിയിലേക്ക് ലഭ്യമാക്കാന്‍ സാധിച്ചു. വീട് പുനരുദ്ധാരണത്തിനായി ജനറല്‍ വിഭാഗത്തില്‍ 220 പേര്‍ക്കും പട്ടികജാതി വിഭാഗത്തില്‍ 50 പേര്‍ക്കുമായി 80 ലക്ഷം രൂപയും ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗക്കാര്‍ക്കും ജനറല്‍ വിഭാഗക്കാര്‍ക്കുമായി 77.5 ലക്ഷം രൂപയും നല്‍കി. മേത്തല കമ്മ്യൂണിറ്റി ഹാള്‍, കണ്ടംകുളം സാംസ്ക്കാരിക നിലയം , ചാപ്പാറ കെ.കെ വേലായുധന്‍ സ്മാരക ലൈബ്രറി എന്നിവ നിര്‍മാണം പൂര്‍ത്തീകരിച്ചു. തിരുവള്ളൂര്‍ സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ഒരുക്കി. ,നഗരസഭാ പ്രദേശത്തെ മുഴുവന്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും 25.6 ലക്ഷം രൂപയുടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ,ക്ലബുകള്‍ക്ക് 4.5 ലക്ഷം രൂപയുടെ സ്പോര്‍ട്സ് കിറ്റുകള്‍ നല്‍കി. സര്‍ക്കാര്‍ സ്കൂളുകളിലെ പശ്ചാത്തല സൗകര്യങ്ങള്‍ക്കായി 21 ലക്ഷം രൂപ ചെലവഴിക്കാനായി.
കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രി വികസത്തിനായി 1 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. നഗരസഭയുടെ കീഴിലുള്ള രണ്ട് ആയുര്‍വ്വേദ ആശുപത്രികളിലും ഹോമിയോ ആശുപത്രിയിലും ഔഷധവിതരണ പദ്ധതി നടക്കുന്നു. ഇങ്ങനെ സാമൂഹിക ക്ഷേമത്തിലൂന്നിയ വികസന അജണ്ടകളുമായി മുന്നോട്ടുപോകുകയാണ് കൊടുങ്ങല്ലൂര്‍ നഗരസഭ.