ഉന്നത പ്രവര്‍ത്തനനിലവാരം കാത്തുസൂക്ഷിച്ച് ഭാവിതലമുറയ്ക്ക് മാതൃകയാകാന്‍ നിയമനിര്‍മാണസഭാംഗങ്ങള്‍ക്ക് കഴിയണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. അതിലൂടെയേ സുസ്ഥിരവും, ക്രിയാത്മകവും ഊര്‍ജസ്വലവുമായ നിയമനിര്‍മാണപ്രകിയ പ്രസക്തമാകൂ.
കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യുടെ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റും നിയമസഭയും ഓരോ അംഗവും വിദ്യാര്‍ഥിയെപ്പോലെ ശ്രദ്ധാപൂര്‍വം തയാറെടുപ്പുകളും അവതരണവും നടത്തേണ്ട മറ്റൊരു സര്‍വകലാശാല പോലെയാണ്. ജനകീയ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ നിരന്തര ആശയവിനിമയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളും, രേഖകളും ആഴത്തില്‍ പഠിക്കേണ്ടതുണ്ട്.
തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഒരു സമൂഹത്തിന് അവരുടെ സാമാജികരെക്കുറിച്ച് വളരെ വലിയ പ്രതീക്ഷയാണ്. വികസനത്തിന്റെ വിഷയത്തിലുള്‍പ്പെടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതീക്ഷയ്ക്കൊത്തുയരുകയാണ് ഓരോ സാമാജികന്റെയും കര്‍ത്തവ്യം.
മിക്ക ജനപ്രതിനിധികളും വികസനപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായാണ് എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് സംബന്ധിച്ച ഭരണഘടനാ സാധുതയെക്കുറിച്ച് വിധിപറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി എന്ന നിലയില്‍ എന്റെ വിലയിരുത്തല്‍.
എന്നിരുന്നാലും, ജനാധിപത്യസ്ഥാപനങ്ങളുടെ നിലവാരത്തകര്‍ച്ച സംബന്ധിച്ച പരാതികള്‍ ജനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. പുതിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ പുതിയ രീതികളിലുള്ള പ്രതിഷേധങ്ങളാണ് വരുന്നത്. ഇവ, ജനാധിപത്യ സ്ഥാപനങ്ങളുടേയോ, അംഗങ്ങളുടെയോ അടിസ്ഥാന അന്തസ്സോ, ഭരണഘടനാ അവകാശങ്ങളോ ഹനിക്കുന്ന രീതിയിലാകരുത്.
ലോകത്ത് ഒരിടത്തും ജനാധിപത്യം സമ്പൂര്‍ണമല്ല. നമ്മള്‍ നമ്മുടെ വിയോജിപ്പുകളും ഉത്കണ്ഠകളും പ്രകടിപ്പിക്കുന്നത് ജനാധിപത്യം ശക്തിപ്പെടുത്താനാണ്.
ജനക്ഷേമത്തിനായി നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിയ കേരള നിയമസഭയുടെ ശരിയായ ദിശയിലേക്കുള്ള മറ്റൊരു ചുവടുവെയ്പ്പാണ് ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’. നിയമസഭയുടെ നിലവാരമുയര്‍ത്തുന്നതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഇത്തരം സംരംഭങ്ങളുമായി കേരളം മുന്നോട്ടുവരുന്നത് പ്രശംസാര്‍ഹമാണ്.
വിഭാഗീയമോ വര്‍ഗീയമോ ആയ ചിന്തകള്‍ക്കതീതമായി ഓരോ പൗരനും ജനാധിപത്യമൂല്യങ്ങളെയും സാംസ്‌കാരിക വൈവിധ്യത്തെയും ബഹുമാനിക്കുകയും ഓരോരുത്തരുടെയും നിയമാനുസൃതമായ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ഉത്സവമാകുന്നത്. ആ നിലയിലുള്ള ചിന്തകളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് നമ്മുടെ ചുമതല. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ ഒരു കേരള മോഡല്‍ സൃഷ്ടിക്കാന്‍ ഈ പരിപാടികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.