ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പുതുക്കിയ ഡിസൈന് രണ്ടാഴ്ചക്കുള്ളിൽ ഭരണാനുമതി നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുണ്ടുകടവ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുക്കാട് മണ്ഡലത്തിന്റെ ചിരകാലഭിലാഷമായ പുതുക്കാട് പറപ്പൂക്കര പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കുണ്ടുകടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കിഫ്ബി ഫണ്ടിൽ നിന്ന് 27.37 കോടി രൂപ അനുവദിച്ചാണ് പാലം നിർമ്മിക്കുന്നത്.
കെ ഐ ഐ ഡി സി ക്കാണ് നിർമ്മാണ ചുമതല. അഞ്ച് സ്പാനുകളോടെ 5.3 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. ഇരുഭാഗത്തും 150 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമ്മിക്കും. 18 മാസം കൊണ്ട് പാലം നിർമ്മാണം പൂർത്തീകരിക്കും.
പാലം യാഥാർത്ഥ്യമാകുന്നതോടെ പുതുക്കാട്, പറപ്പൂക്കര, മറ്റത്തൂർ പഞ്ചായത്തുകളിലെ കാർഷിക മേഖലകൾക്ക് പ്രയോജനം ലഭിക്കും. കൂടാതെ പറപ്പൂക്കരയിലെ 30 ഹെക്ടർ തണ്ണീർത്തടവും, 70 ഹെക്ടർ വരണ്ട നിലത്തിലേക്കും ജലസേചനം ലഭ്യമാക്കാനും കഴിയും. കൂടാതെ കുണ്ടുകടവിൽ വർഷം തോറും ലക്ഷങ്ങൾ മുടക്കി നിർമ്മിക്കുന്ന താത്ക്കാലിക തടയണ ഒഴിവാക്കാനും കഴിയും.കെ കെ രാമചന്ദ്രൻ എം എൽ എ അധ്യക്ഷനായ ചടങ്ങിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് മുഖ്യാതിഥിയായി.