സാര്‍ഥകമായ സംവാദങ്ങള്‍ക്കും ആശയപ്രകാശനങ്ങള്‍ക്കും വേദിയായി കേരള നിയമസഭ സംഘടിപ്പിച്ച ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യിലെ ആദ്യ ദേശീയ കോണ്‍ഫറന്‍സിന് സമാപനമായി. സ്വതന്ത്ര ഇന്ത്യയിലെ പട്ടികജാതി പട്ടികവര്‍ഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച സാമാജികരുടെ കോണ്‍ഫറന്‍സാണ് ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യുടെ ഭാഗമായി രണ്ടുദിവസമായി സംഘടിപ്പിച്ചത്.
ആഗസ്റ്റ് ആറിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്ത പ്രൗഢഗംഭീര ചടങ്ങിനെത്തുടര്ന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നീതിന്യായ സംഭവങ്ങളുടെ ഇടപെടലുകളും അനുഭവങ്ങളും സാധ്യതകളും, ജാതിവ്യവസ്ഥയും പട്ടികവിഭാഗങ്ങളുടെ ഉന്നമനവും, ഭരണഘടനാനുസൃതമായ നീതി: യാഥാര്‍ഥ്യവും പ്രതീക്ഷകളും, സംവരണം ജനാധിപത്യം: ഇന്ത്യന്‍ അനുഭവത്തിലൂടെയുള്ള പരിപ്രേക്ഷ്യം’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.
ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ മുന്‍ ഉപദേശകന് പി.എസ്. കൃഷ്ണന്, മജീദ് മേമന് എം.പി, ന്യുവാല്‍സ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എന്‍.കെ. ജയകുമാര്‍, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്സ്ക്ലൂഷന് ആന്റ് ഇന്‍ക്ലൂസീവ് പോളിസി ഡയറക്ടര്‍ ഡോ. കാഞ്ച ഇലയ്യ, ജെ.എന്‍.യു സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസിലെ ഡോ. ഗോപാല്‍ ഗുരു, മാധ്യമപ്രവര്‍ത്തകനായ വെങ്കിടേഷ് രാമകൃഷ്ണന് എന്നിവര്‍ ചര്‍ച്ചയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, വരപ്രസാദ് റാവു എം.പി തുടങ്ങിയവര്‍ പ്രസീഡിയം അംഗങ്ങളായിരുന്നു. എ.പി. അനില്‍കുമാര്‍ എം.എല്‍.എ, എം.ഐ.ടി വേള്‍ഡ് പീസ് യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് പ്രസിഡന്റ് രാഹുല്‍ വി.കാരാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇതിനുപുറമേ, നാലു വേദികളായി പ്രത്യേക മേഖലാ കോണ്‍ഫറന്‍സുകളും നടന്നു. നീതിന്യായ സംവിധാനത്തിന്റെ ഇടപെടലുകളുടെ അനുഭവങ്ങളും സാധ്യതകളും, ജാതിവ്യവസ്ഥയും പട്ടികവിഭാഗങ്ങളുടെ ഉന്നമനവും, ഭരണഘടനാനുസൃതമായ നീതി: യാഥാര്‍ഥ്യവും പ്രതീക്ഷകളും, സംവരണം, ജനാധിപത്യം: ഇന്ത്യന്‍ അനുഭവങ്ങളുടെ പരിപ്രേക്ഷ്യം എന്നീ വിഷയങ്ങളിലായിരുന്നു മേഖലാ കോണ്‍ഫറന്‍സുകള്‍. മേഖലാ കോണ്‍ഫറന്‍സുകള്‍ ഇന്നലെയും (ആഗസ്റ്റ് ഏഴ്) തുടര്‍ന്നു. വിശദമായ ചര്‍ച്ചകളും പങ്കാളിത്തവുമാണ് ഓരോ മേഖലാ കോണ്‍ഫറന്‍സുകളില്‍ നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മുതല്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ വരെ സജീവമാണ് ഓരോരോ വിഷയങ്ങളും പ്രശ്നങ്ങളും ഉന്നയിച്ചത്.
ഇന്നലെ (ആഗസ്റ്റ് ഏഴ്) രാവിലെ 11 മുതല്‍ മെമ്പേഴ്സ് ലോഞ്ചില്‍ പ്ലീനറി (റിപ്പോര്‍ട്ടിംഗ്) സെഷന് നടന്നു. ഓരോ ഗ്രൂപ്പില്‍നിന്നുമുള്ള ഓരോ പ്രതിനിധി വീതം സംക്ഷിപ്തം അവതരിപ്പിച്ചു.
തുടര്‍ന്ന് ഓപ്പണ്‍ ഫോറം മുന്‍ കേന്ദ്രമന്ത്രി ഭക്തചരണ്‍ ദാസ് ഉദ്ഘാടനം ചെയ്തു. വി.പി. സജീന്ദ്രന് എം.എല്‍.എ മോഡറേറ്ററായിരുന്നു. എം.എല്‍.എമാരായ ഒ. രാജഗോപാല്‍, ആബിദ് ഹുസൈന് തങ്ങള്‍, സി.കെ. ആശ, ഹരിയാന എം.എല്‍.എ ഗീത ഭൂക്കല്, ഹിന്ദു ഫ്രണ്ട്ലൈന് അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കാളികളായി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉപസംഹാരപ്രസംഗം നിര്‍വഹിച്ചു. തുടര്‍ന്ന് തിരുവനന്തപുരം പ്രഖ്യാപനത്തോടെ രണ്ടുനാള്നീണ്ട സമ്മേളനത്തിന് കൊടിയിറങ്ങി.
മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാരും എം.എല്‍.എമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്, ഉദ്യോഗസ്ഥര്‍, നിരീക്ഷകര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടക്കം 1757 പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യുടെ ഭാഗമായുള്ള വനിതാ സാമാജികരുടെ ദേശീയ സമ്മേളനം, ദേശീയ വിദ്യാര്‍ഥി പാര്‍ലമെന്റ്, ജനാധിപത്യം സംബന്ധിച്ച ദേശീയ മീഡിയ കോണ്‍ക്ലേവ്, കേരള വികസനം സംബന്ധിച്ച് സമവായ കോണ്‍ക്ലേവ്, നിയമസഭാ നടപടിക്രമങ്ങള്‍ സംബന്ധിച്ച പ്രത്യേക കോണ്‍ഫറന്‍സ് എന്നിവയും നവംബറിനുള്ളില്‍ സംഘടിപ്പിക്കും.