ചക്കുപള്ളം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ആരോഗ്യ സാക്ഷരത പഞ്ചായത്തായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി സഞ്ജീവനി എന്ന പേരില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചക്കുപള്ളം ഗ്രാമപഞ്ചായത്തും ജെസിഐ തേക്കടി സാഹ്യാദ്രിയും സംയുക്തമായി കാരിത്താസ് ആശുപത്രിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ട്രെയിനിങ് പ്രോഗ്രാം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജെസിഐ പ്രസിഡന്റ് അഭിലാഷ് ജി നായര്‍ അധ്യക്ഷത വഹിച്ചു.

കാരിത്താസ് അത്യാഹിത വിഭാഗം മേധാവി ഡോ. വിവേകിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ചികിത്സ മേഖലയില്‍ ഒരു പുത്തനുണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമിക അപകട ശുശ്രൂഷ, പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം, ജീവിത ശൈലി രോഗങ്ങള്‍, പൊള്ളല്‍, മുറിവ്, ഒടിവ്, പാമ്പുകടി എന്നിവ സംഭവിച്ചാല്‍ പ്രാഥമികമായി രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ചെയ്യേണ്ടത് എന്തെല്ലാമെന്ന് ട്രെയിനിങ് സെക്ഷനില്‍ വിശദീകരിച്ചു. 75 ഓളം വരുന്ന വോളന്റീയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു ട്രെയിനിങ് പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഡോ. വിവേക് ആര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുസുമം സതീഷ്, പഞ്ചായത്ത് അംഗങ്ങളായ ആന്റണി കുഴിക്കാട്ട്, ആശ സുകുമാരന്‍, ബിന്ദു അനില്‍കുമാര്‍, ജിജോ പട്രകാലയില്‍, ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് ടോം ടി സെബാസ്റ്റ്യന്‍, സോവിന്‍ ആക്കിലേട്ട്, ഷിജോ മുളവനാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.