എസ്.എ.ടി. ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മാതൃ – ശിശു പരിചരണ രംഗത്തു ലോകത്തെ മികച്ച ചികിത്സ ഇവിടെ ലഭ്യമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ പുതുതായി ആരംഭിച്ച റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗവും ഇൻവിട്രോ ഫെർട്ടിലൈസേഷന്(ഐ.വി.എഫ്) രീതി വഴി ജനിച്ച കുട്ടികളുടെ കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

റിപ്രൊഡക്ടീവ് മെഡിസിനു വേണ്ടി സർക്കാർ മെഡിക്കൽ കോളജിൽ പ്രത്യേക വിഭാഗം തുടങ്ങുന്നത് രാജ്യത്ത് ആദ്യമായാണെന്നു മന്ത്രി പറഞ്ഞു. വന്ധ്യതാ ചികിത്സാ രംഗത്തെ നാഴികക്കല്ലാണിത്. സ്വകാര്യ മേഖലയിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സ സർക്കാർ മേഖലയിൽ സാധ്യമാകുമെന്നാണ് എസ്.എ.ടിയിലെ ഐ.വി.എഫ് ചികിത്സ തെളിയിക്കുന്നത്. വന്ധ്യതാ ചികിത്സയ്ക്കു ലക്ഷക്കണക്കിനു രൂപയാണു സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ഇതിന്റെ നാലിലൊന്നു മാത്രമേ എസ്.എ.ടിയിൽ വേണ്ടിവരൂ എന്നതു സാധാരണക്കാരന് അനുഗ്രഹമാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും രോഗീ സൗഹൃദമാക്കുകയെന്ന ലക്ഷ്യം അതിവേഗം പ്രാവർത്തികമാക്കുകയാണ്. ആരോഗ്യ മേഖലയിൽ രണ്ടു വർഷത്തിനിടെ അഭൂതപൂർവമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. നല്ല കാര്യങ്ങൾ നിരവധിയുണ്ടായിട്ടും പോരായ്മകൾ മാത്രം ചൂണ്ടിക്കാട്ടുന്ന രീതിയാണു പലപ്പോഴും കണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.

വന്ധ്യത ചികിത്സാ രംഗത്ത് എസ്.എ.ടി. കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വന്ധ്യതാ പ്രശ്‌നങ്ങൾ കേരളത്തിൽ കൂടിവരുന്നതായും മാറുന്ന ജീവിത ശൈലിയാണ് ഇതിനു മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

ഐ.വി.എഫ്. ചികിത്സയിലൂടെ ജനിച്ച നൂറിൽപ്പരം കുട്ടികൾ കുടുംബ സംഗമത്തിനെത്തി. ഇവർക്കായി നൽകുന്ന പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടിന്റെ വിതരണോദ്ഘാടനവും ആരോഗ്യ മന്ത്രി നിർവഹിച്ചു. മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, നോർക്ക റൂട്ട്‌സ് എകസിക്യൂട്ടിവ് വൈസ് ചെയർമാനും സതിസ് എക്‌സിക്യൂട്ടിവ് മെമ്പറുമായ കെ. വരദരാജൻ, സതിസ് എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗം എസ്.എസ്. രാജാലാൽ, എച്ച്.ഡി.എസ്. എക്‌സിക്യൂട്ടിവ് അംഗം ഡി.ആർ. അനിൽ, മെഡിക്കൽ കോളജ് ഗൈനക്കോളജി വകുപ്പ് മേധാവി ഡോ. സി. നിർമല, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സി. മധുസൂധനൻ പിള്ള, നഴ്‌സിങ് ഓഫിസർ ഷൈല, റിപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം മേധാവി ഡോ. ഷീല ബാലകൃഷ്ണൻ എന്നിവരും പ്രസംഗിച്ചു.