രാമമംഗലം: പഞ്ചായത്തിന്റെ സേവനരംഗത്ത് നടപ്പാക്കേണ്ട  പരിഷ്‌കാരങ്ങളും അവയ്ക്കുള്ള നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ചും, വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചും പഞ്ചായത്ത്തല ജനസമ്പര്‍ക്കത്തിന് തുടക്കമായി. ജില്ലയില്‍ പഞ്ചായത്ത് വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി രാമമംഗലം പഞ്ചായത്തില്‍  പ്രസിഡന്റ് കെ.എ മിനി കുമാരി യുടെ  നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്കത്തില്‍ വിവിധ പരാതികളില്‍ പരിഹാരം കണ്ടു.  ജനസമ്പര്‍ക്ക വേദിയില്‍ എത്തിയ പരാതികളില്‍ ഭൂരിഭാഗവും  അതിര്‍ത്തി തര്‍ക്കങ്ങളും, വീടുകള്‍ക്കു ഭീഷണിയുയര്‍ത്തുന്ന  മരങ്ങള്‍ സംബന്ധിച്ചും ആയിരുന്നു. പല പരാതികളും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിലൂടെ രമ്യമായി  പരിഹരിച്ചു.
    വിട്ടുവീഴ്ച മനോഭാവത്തോടെ ബന്ധപ്പെട്ട കക്ഷികള്‍ വന്നാല്‍ പഞ്ചായത്തുതല ജനസമ്പര്‍ക്കത്തിലൂടെ പരാതികളില്‍ പരിഹാരം കണ്ടെത്തി സമയവും പണവും ലാഭിക്കാമെന്ന്  പഞ്ചായത്ത് പ്രസിഡന്റ് കെ. എ മിനി കുമാരി പറഞ്ഞു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനസമ്പര്‍ക്ക പരിപാടിയില്‍  പഞ്ചായത്തിന്റെ സേവനരംഗം മെച്ചപ്പെടുത്തുന്നതിനും പഞ്ചായത്തിന്റെ  ഇടപെടല്‍ ആവശ്യമായ  മേഖലകള്‍ ജനങ്ങളില്‍ നിന്നും ആരാഞ്ഞുമുള്ള ചര്‍ച്ചയാണ് ആദ്യം നടന്നത്. തര്‍ക്ക പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തണമെന്ന ആവശ്യം ജനങ്ങള്‍ ഉന്നയിച്ചു.
        ജനസമ്പര്‍ക്ക വേദിയില്‍ പരിഗണിച്ച 10 പരാതികളില്‍ 5 എണ്ണത്തില്‍ പരിഹാരം കാണുവാന്‍ സാധിച്ചു. പി.ഡബ്ല്യു.ഡി, റവന്യൂ, കെ.എസ്.ഇ.ബി, തുടങ്ങി വിവിധ വകുപ്പുകളില്‍ പരിഹരിക്കേണ്ട പരാതികള്‍ ബന്ധപ്പെട്ട വകുപ്പിന് പഞ്ചായത്ത് കൈമാറും. പഞ്ചായത്തില്‍ സദ്ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്വിസ്സ് മത്സരങ്ങള്‍,  ചര്‍ച്ചകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയ വരും നാളുകളില്‍ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
      രാമമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിതാ എല്‍ദോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം പൈലി, പഞ്ചായത്ത് സെക്രട്ടറി വി.സിന്ധു, കെ. ജെ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.