കൊച്ചി: മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ജില്ലയിലെ കുന്നുകര, ചെല്ലാനം മേഖലയില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഡയറക്ടര്‍ ബി.കെ ശ്രീവാസ്തവ, ഊര്‍ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ നര്‍സി റാം മീണ, ഗതാഗത മന്ത്രാലയം റീജിയണല്‍ ഓഫീസര്‍ വി.വി ശാസ്ത്രി എന്നിവരടങ്ങിയ കേന്ദ്ര സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്.
രാവിലെ നെടുമ്പാശേരി സാജ് റിസോര്‍ട്ടില്‍ നടന്ന അവലോന യോഗത്തില്‍ കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ സമഗ്ര വിവരണം ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള കേന്ദ്ര സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം 18.97% അധിക മഴയാണ് ജില്ലയില്‍ ലഭിച്ചത്. കൊച്ചി-25.85%, പിറവം – 108.25%, ആലുവ-25.85%, സിയാല്‍ മേഖല-29.88%, പെരുമ്പാവൂര്‍-36.71%  എന്നിങ്ങനെയാണ് ജില്ലയില്‍ ലഭിച്ച അധിക മഴയുടെ തോത്. കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ 26 വീടുകള്‍ പൂര്‍ണ്ണമായും 506 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 78 ദുരിതാശ്വാസ ക്യാംപുകളാണ് ജില്ലയില്‍ തുറന്നത്. 1889 കുടുംബങ്ങളിലെ 7557 അംഗങ്ങളെ ക്യാംപുകളിലെത്തിച്ചു. ദുരിത ബാധിതര്‍ക്ക് താത്കാലിക ആശ്വാസം എന്ന നിലയില്‍ 71 ലക്ഷം രൂപ ചെലവഴിച്ചു.
ചെല്ലാനം മേഖലയില്‍ 10 ദിവസവും പറവൂര്‍ മേഖലയില്‍ 20 ദിവസവും ക്യാംപുകള്‍ പ്രവര്‍ത്തിച്ചതായി ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ എസ്. ഷാജഹാന്‍ പറഞ്ഞു. 16 ക്യാംപുകളാണ് മുവാറ്റുപുഴ മേഖലയില്‍ പ്രവര്‍ത്തിച്ചതെന്ന് മുവാറ്റുപുഴ ആര്‍ഡിഒ എം.ടി. അനില്‍ കുമാര്‍ അറിയിച്ചു.
ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 20.12 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കൃഷി വകുപ്പ് അറിയിച്ചു. 7510 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. 1284 ഹെക്ടറുകളിലാണ് കൃഷിനാശം സംഭവിച്ചത്. മത്സ്യബന്ധന മേഖലയില്‍ 31.53 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി. 12,95000 രൂപയുടെ നാശനഷ്ടമാണ് മത്സ്യബന്ധന യാനങ്ങള്‍ക്ക് മാത്രമായി സംഭവിച്ചത്. ജലസേചന, ജലവിതരണ മേഖലകളിലും കാര്യമായ നാശനഷ്ടം സംഭവിച്ചു. ചെറുകിട ജലസേചന മേഖലയില്‍ 7.5 ലക്ഷം രൂപയുടെ നഷ്ടവും ജലവിതരണ മേഖലയില്‍ 72.49 ലക്ഷം രൂപയുടെ നാശനഷ്ടവുമുണ്ടായി. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണിക്ക് 250.99 ലക്ഷം രൂപ ചെലവഴിച്ചു. പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്നതു മൂലം 527.56 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. എറണാകുളം മേഖലയില്‍ 920 കിലോമീറ്ററും മുവാറ്റുപുഴ മേഖലയില്‍ 236 കിലോമീറ്റര്‍ റോഡും കനത്ത മഴയില്‍ തകര്‍ന്നു. ആകെ 1155 കിലോമീറ്റര്‍ റോഡാണ് ജില്ലയില്‍ തകര്‍ന്നത്. വാട്ടര്‍ അതോറിറ്റിയ്ക്ക് 82 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മഴക്കാല പൂര്‍വശുചീകരണത്തെക്കുറിച്ചും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു.
അവലോകന യോഗത്തിനു ശേഷം കുന്നുകര, ചെല്ലാനം മേഖലയില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. കുന്നുകരയിലെത്തിയ സംഘത്തെ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, വാര്‍ഡ് അംഗം ഷീബ കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വയല്‍ക്കര മദ്രസപ്പടി, അമ്മനത്ത പള്ളം എന്നിവിടങ്ങളിലെ വാഴ, നെല്ല് കാര്‍ഷിക വിളകളടെ നാശവും കുറ്റിപ്പുഴയില്‍ കെഎസ്ഇബിയുടെ ഇലക്ടിക് പോസ്റ്റുകള്‍ തകര്‍ന്നത് മൂലമുള്ള നഷ്ടവും സംഘം വിലയിരുത്തി. കുന്നുകരയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ കേന്ദ്ര സംഘം ചെല്ലാനത്ത് കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന തീരദേശത്തെ വീടുകളിലും പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി.
കാലവര്‍ഷക്കെടുതിയില്‍ കടല്‍ കയറി നാശനഷ്ടം സംഭവിച്ച ചെല്ലാനം പഞ്ചായത്തിലെ മറുവക്കാട് ബസാര്‍, കമ്പനിപ്പടി, ഉപ്പത്തത്തോട് കനാല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. ചെല്ലാനം പഞ്ചായത്തിലെ കടല്‍ഭിത്തി തകര്‍ന്ന സ്ഥലങ്ങളില്‍ അടിയന്തരമായി കടല്‍ഭിത്തിയും പുലിമുട്ടും സ്ഥാപിക്കുന്നതിന് കേന്ദ്രസഹായം അനുവദിക്കണമെന്ന് സംഘത്തോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ആകെയുള്ള 20 കിലോമീറ്റര്‍ തീരത്ത് ഇടവിട്ടുള്ള അഞ്ച് സ്ഥലങ്ങളിലായി 1.8 കിലോമീറ്റര്‍ ഭാഗത്താണ് കടല്‍ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നിട്ടുള്ളത്.
പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ ഫാ.സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ പുന്നയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ടി.എ ഡാല്‍ഫിന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ഫാ. അലക്‌സ് കൊച്ചിക്കാരന്‍വീട്ടില്‍, ജിന്‍സന്‍ വെളുത്തമണ്ണിങ്കല്‍ എന്നിവരുമായി  സംഘം ചര്‍ച്ച നടത്തി. ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നതിലൂടെ ശാശ്വതമായ പരിഹാരം കാണാന്‍ സാധിക്കില്ലെന്നും ശക്തമായ കടല്‍ഭിത്തിയും പുലിമുട്ടും ഉണ്ടെങ്കില്‍ മാത്രമേ പ്രദേശത്തെ സംരക്ഷിക്കാന്‍ സാധിക്കുവെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. ഷീലാ ദേവി, കൊച്ചി താലൂക്ക് തഹസില്‍ദാര്‍ കെ.വി. അംബ്രോസ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി എന്നിവരും റവന്യൂ, കൃഷി, കെഎസ്ഇബി, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.