താരതമ്യമില്ലാത്ത പ്രളയക്കെടുതിയുടെ നടുവിലാണ് നമ്മുടെ കേരളം. പല മേഖലകളിലും പേമാരി അവസാനിച്ചിട്ടില്ല. മിക്കവാറും നദികൾ കരകവിഞ്ഞൊഴുകന്നു. ദുരന്തമൊഴിവാക്കാൻ ഇടുക്കി ഉൾപ്പെടെയുളള അണക്കെട്ടുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഒരുപാട് ജീവനുകൾ അപഹരിച്ചു. അനേകം പേർക്ക് കിടപ്പാടമില്ലാതായി. ധാരാളം കെട്ടിടങ്ങൾ തകർന്നു. ഭീമമായ നഷ്ടമാണ് കൃഷിക്കുണ്ടായത്. കന്നുകാലി സമ്പത്തിനും വലിയ നാശം സംഭവിച്ചു. റോഡുകൾ തകർന്ന് ഗതാഗത സംവിധാനം താറുമാറായി.
പൊലീസ്, അഗ്നിരക്ഷാസേന മുതലായ സംസ്ഥാന സർക്കാർ വിഭാഗങ്ങൾക്കൊപ്പം കര-നാവിക-വ്യോമസേനാ വിഭാഗങ്ങളും കോസ്റ്റ് ഗാർഡും സാഹസികമായ രക്ഷാപ്രവർത്തനം തുടരുകയാണ്. സന്നദ്ധപ്രവർത്തകരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രവർത്തകരും അവർക്കൊപ്പം നിന്ന് ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നു.
പ്രളയക്കെടുതിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് സർക്കാർ സാധ്യമായതെല്ലാം ചെയ്തുവരികയാണ്. ജില്ലകളിൽ മന്ത്രിമാർ ദുരതാശ്വാസപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. സർക്കാർ സംവിധാനങ്ങളുടെ മുൻകരുതലും ജാഗ്രതയും സമയോചിതമായ ഇടപെടലുകളുമാണ് ദുരന്തം ലഘൂകരിച്ചത്.
നാശനഷ്ടത്തിന്റെ തോതും വ്യാപ്തിയും നോക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ പരിമിതികൾ ആർക്കും മനസ്സിലാകും. ഓഖി ദുരന്തമുണ്ടായപ്പോൾ കേരളം ഒറ്റമനസ്സായി കൈകോർത്തു നിന്നു. അതുപോലെ കേരളത്തിലും പുറത്തുമുളള മലയാളികളെല്ലാം ഒരുമിച്ച് നിന്ന് ഈ ദുരന്തവും നേരിടണം. മഴ മാറി വെള്ളം ഇറങ്ങിയാലും ജനങ്ങളുടെ ദുരിതം ബാക്കിനിൽക്കും. സഹജീവികളുടെ കണ്ണീരൊപ്പുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യത്ഥിക്കുന്നു. ഇതിനകം സഹായിച്ചവരോടെല്ലാം നന്ദി പറയുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഒരു സഹായവും വലുതുമല്ല; ചെറുതുമല്ല.