സാധാരണക്കാരായ ആളുകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഒരു ലക്ഷം മുൻഗണന കാർഡുകളുടെ ജില്ലാ തല വിതരണം ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭക്ഷ്യ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സർക്കാരാണിത്. . കോവിഡ് കാലത്ത് സർക്കാർ മികച്ച കരുതൽ ആണ് സമൂഹത്തിന് നൽകിയത്. ആരോഗ്യ രംഗത്തും മികച്ച മാറ്റം കൈവരിച്ചു. പട്ടിണിയില്ലാത്ത കേരളമാക്കി സംസ്ഥാനത്തെ മാറ്റാൻ സാധിച്ചുവെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
സർവതല സ്പർശിയായ വികസനമാണ് സർക്കാർ കാഴ്ചവെയ്ക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. അർഹരായവർക്ക് മുൻഗണന കാർഡ് കിട്ടുകയെന്നത് സർക്കാരിന്റെ നയമാണെന്നും പ്രസിഡന്റ് പറഞ്ഞു.മൂവായിരത്തോളം അനർഹ കാർഡുകളാണ് ജില്ലയിൽ കണ്ടെത്തിയത്. 5 താലൂക്കുകളിൽ നിന്നായി നാൽപതോളം പേർക്ക് ചടങ്ങിൽ മുൻഗണന കാർഡുകൾ നൽകി. ബാക്കിയുള്ളവർക്ക് അതാത് അക്ഷയയിൽ പോയി ഡൌൺലോഡ് ചെയ്തെടുക്കാൻ സാധിക്കും.
യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി സത്യൻ, ജില്ലാ സപ്ലൈ ഓഫീസർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.