രാജ്യത്തിന്റെ 72 ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയപതാകയുയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ചൈത്ര തെരേസ ജോണ്‍ ആയിരുന്നു പരേഡ് കമാന്‍ഡര്‍. തിരുവനന്തപുരം സിറ്റി ആംഡ് റിസര്‍വ് അസി. പോലീസ് കമാന്‍ഡന്റ് വി. സുരേഷ് ബാബു ആയിരുന്നു സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്.
സായുധ സേനാ ഘടകങ്ങളായ മലബാര്‍ സ്പെഷ്യല്‍ പോലീസ്, സ്പെഷ്യല്‍ ആംഡ് പോലീസ്, കേരള സായുധ പോലീസിന്റെ അഞ്ച് ബറ്റാലിയന്, കേരള വനിതാ കമാന്‍ഡോസ്, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്, കേരള വനിതാ ബറ്റാലിയന്, തമിഴ്നാട് സ്റ്റേറ്റ് പോലീസ്, തിരുവനന്തപുരം സിറ്റി പോലീസ്, തിരുവനന്തപുരം സിറ്റി വനിതാ പോലീസ്, കേരള ജയില്‍ വകുപ്പ്, കേരള എക്സൈസ് വകുപ്പ്, സായുധരല്ലാത്ത ഘടകങ്ങളായ കേരള ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസസ്, കേരള വനം വകുപ്പ്, കേരള മോട്ടോര്‍ വാഹന വകുപ്പ്, എന്നിവര്‍ പരേഡില്‍ അണിനിരന്നു.
സൈനിക സ്കൂള്‍, എന്‍.സി.സി സീനിയര്‍ ഡിവിഷന് ആര്‍മി (ആണ്‍കുട്ടികള്‍), സീനിയര്‍ വിംഗ് ആര്‍മി (പെണ്‍കുട്ടികള്‍), എന്‍.സി.സി ജൂനിയര്‍ ഡിവിഷന് നേവല്‍ വിംഗ് (ആണ്‍കുട്ടികള്‍), എയര്‍ വിംഗ് (ആണ്‍കുട്ടികള്‍), സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (ആണ്‍കുട്ടികളും പെണ്‍കുട്ടികളും), സ്കൗട്ട്സ്, ഗൈഡ്സ്, പോലീസ് ശ്വാന സേന, തിരുവനന്തപുരംസിറ്റി അശ്വാരൂഢ പോലീസ് എന്നിവരും സംബന്ധിച്ചു.

തിരുവനന്തപുരം സിറ്റി പോലീസിന്റെയും കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്റെയും ബ്രാസ് ബാന്റ്, സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയന്റെയും കേരള പോലീസ് ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്റെയും പൈപ്പ് ബാന്‍ഡും പരേഡില്‍ പങ്കെടുത്തു.
തുടര്‍ന്ന്, രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ സര്‍വീസ് മെഡലുകള്‍, കറക്ഷണല്‍ സര്‍വീസ് മെഡലുകള്‍, ജീവന് രക്ഷാ പതക്കങ്ങള്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ ആന്റ് റസ്ക്യൂ സര്‍വീസ് മെഡലുകള്‍, പ്രിസണ്‍ മെഡലുകള്‍, എക്സൈസ് മെഡലുകള്‍, ഫോറസ്റ്റ് മെഡലുകള്‍, ട്രാന്‍സ്പോര്‍ട്ട് മെഡലുകള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു.
2018 ലെ പരേഡില്‍ ഏറ്റവും നല്ല പോലീസ് കണ്ടിജന്റിനുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫി സ്പെഷ്യല്‍ ആംഡ് പോലീസും ഏറ്റവും നല്ല നോണ്‍ പോലീസ് കണ്ടിജന്റിനുള്ള റോളിംഗ് ട്രോഫി കേരള ഫയര്‍ ആന്റ് റസ്ക്യൂ സര്‍വീസസിനും മുഖ്യമന്ത്രി സമ്മാനിച്ചു. സായുധസേന പതാകദിനത്തില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ഷീല്‍ഡും സമ്മാനിച്ചു.

തൃശൂരാണ് കൂടുതല്‍ തുക സമാഹരിച്ച ജില്ല. കാസര്‍കോട് പ്രോത്സാഹന സമ്മാനം ഏറ്റുവാങ്ങി. മലപ്പുറം എന്‍.സി.സി 29 (കെ) ബറ്റാലിയനും മലപ്പുറം മലപ്പുറം പി.എസ്.എം.ഒ കോളേജും കൂടുതല്‍ തുക സമാഹരിച്ചവര്‍ക്കുള്ള സമ്മാനം ഏറ്റുവാങ്ങി. മന്ത്രിമാരായ ഇ.പി. ജയരാജന്, കടകംപള്ളി സുരേന്ദ്രന്, എ.കെ. ശശീന്ദ്രന്, എം.എല്‍.എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.