ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ വാഹന പ്രചാരണം ആരംഭിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍നിന്നും ആരംഭിച്ച വാഹന പ്രചാരണം ജില്ലാ കളക്ടര്‍ എ. ഗീത ഫ്ളാഗ് ഓഫ് ചെയ്തു. സെന്‍ട്രല്‍ വിള ഇന്‍ഷൂറന്‍സ് പദ്ധതികളായ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി എന്നിവയില്‍ പരമാവധി കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിനായി പഞ്ചായത്തുതലത്തില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. ജൂലൈ 31 വരെയാണ് രണ്ട് പദ്ധതികളിലും അംഗങ്ങള്‍ ആകുവാനുളള അവസാന തീയതി.
പി.എം.എഫ്.ബി.വൈയില്‍ വാഴ, മരച്ചീനി എന്നീ വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാം. ഹെക്ടറിന് വാഴയ്ക്ക് 3,00,000 രൂപയും, മരച്ചീനിക്ക് 1,25,000 രൂപയും നഷ്ടപരിഹാരം ലഭിക്കും. വാഴയ്ക്ക് 11,100 രൂപയും മരച്ചീനിക്ക് 3,750 രൂപയുമാണ് ഹെക്ടറിന് പ്രീമിയം അടക്കേണ്ടത്. വരള്‍ച്ച, വെളളപ്പൊക്കം, ഇടിമിന്നല്‍, മേഘവിസ്ഫോടനം, ആലിപ്പഴ മഴ എന്നിവ മൂലമുണ്ടാക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കുരുമുളക്, കവുങ്ങ്, ഇഞ്ചി, മഞ്ഞള്‍, വാഴ മുതലായ വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാം. ഈ പദ്ധതിയില്‍ വെളളപ്പൊക്കം, മണ്ണിടിച്ചില്‍, ശക്തമായ കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കും. റഫറന്‍സ് കാലാവസ്ഥ സ്റ്റേഷനില്‍ നിന്നുളള കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിളവില്‍ ഉണ്ടാകുന്ന നഷ്ടം കണക്കാക്കി ഇന്‍ഷൂര്‍ ചെയ്തിട്ടുളള എല്ലാ കര്‍ഷകര്‍ക്കും ആനുപാതികമായ നഷ്ടപരിഹാരം ലഭ്യമാകും. കര്‍ഷകര്‍ക്ക് പദ്ധതി അംഗത്വത്തിനായി നേരിട്ടോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഓണ്‍ലൈനായി pmfby.gov.in എന്ന പോര്‍ട്ടല്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847465089 എന്ന നമ്പറില്‍ കര്‍ഷകര്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ വാഹന പ്രചാരണം നടക്കും. ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ എം. ജ്യോതി, മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
