പനമരം: ഓര്‍മവച്ച കാലം മുതല്‍ കാലവര്‍ഷങ്ങള്‍ പലതും പനമരം നിവാസികള്‍ക്ക് അതിജീവനത്തിന്റെ നാളുകളാണ്. പനമരം പുഴ കരകവിയുമ്പോള്‍ എങ്ങനെയും വീടുകളില്‍ തന്നെ പിടിച്ചുനിന്ന് കാലം കഴിക്കാന്‍ അവര്‍ പഠിച്ചു. എന്നാല്‍, ഇത്തവണ മഴയുടെ രൂപം മാറി. ബാണാസുരസാഗര്‍ അണയുടെ വൃഷ്ടിപ്രദേശങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പേമാരിയും ഉരുള്പൊട്ടലുകളുമുണ്ടായപ്പോള് പനമരത്തിന് പിടിച്ചുനില്‍ക്കാനായില്ല. കാലങ്ങളായി സ്വരുക്കൂട്ടിവച്ചതൊക്കെ പുഴ കവര്‍ന്നതോടെ ഗവ. യുപി, ഹൈസ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവര്‍ക്കു മനസില്ലാമനസോടെ ചേക്കേറേണ്ടിവന്നു. രാത്രിയില്‍ വീടുകളിലേക്ക് വെള്ളം ഇരമ്പിക്കയറിയപ്പോള്‍ പലര്‍ക്കും ഉടുതുണി മാത്രമേ കൈയില്‍ കരുതാനായുള്ളൂ. എങ്കിലും അവര്‍ പിടിച്ചുനില്‍ക്കുകയാണ്, പ്രത്യാശ കൈമുതലാക്കി. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും അവര്‍ക്കു താങ്ങായി. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും സഹായഹസ്തങ്ങളുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതി പനമരത്തെ വിറങ്ങലിപ്പിച്ചെങ്കിലും പരക്കുനി കോളനിയിലെ കുട്ടികള്‍ ഫുട്ബോളിലൂടെ ദുരിതത്തെ മറക്കാന്‍ ശ്രമിക്കുകയാണ്. കനത്ത മഴയിലും ദുരിതാശ്വാസ ക്യാമ്പിലെ വിശാലമായ മൈതാനത്ത് ഫുട്ബോള്‍ കളിച്ചും ചിരിച്ചും കഴിയുകയാണവര്‍. മഴയും മഴക്കെടുതികളും പരക്കുനി കോളനിവാസികള്‍ക്ക് പുതുമയല്ല. മഴക്കാലം ഇവര്‍ക്ക് മീന്‍പിടിത്തത്തിന്റെയും മഴ വിനോദത്തിന്റെയും മധുരിക്കുന്ന ഓര്‍മകളാണ് സമ്മാനിച്ചിരുന്നത്. എല്ലാ വര്‍ഷക്കാലങ്ങളിലും പനമരം പുഴയോട് ചേര്‍ന്നുകിടക്കുന്ന പരക്കുനി കോളനിയില്‍ വെള്ളം കയറും. എന്നാല്‍, ഇത്തവണ മഴദൈവങ്ങള്‍ അവരെയും ചതിച്ചു. കോളനിയിലെ എല്ലാ വീടുകളിലും അസാധാരണമായി വെള്ളം കയറി. കൈയില്‍ കിട്ടിയതുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക്. കോളനിയിലേക്ക് തിരിച്ചുവരുമ്പോള്‍ എന്തുചെയ്യുമെന്ന ചിന്തയുണ്ടെങ്കിലും ഭരണതലത്തിലും മറ്റുമുള്ള സജീവ ഇടപെടലുകള്‍ ഇവര്‍ക്കു പ്രതീക്ഷയേകുന്നു. ജി.എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 34 കുടുംബങ്ങളില്‍ നിന്നായി 127 പേരും ഹൈസ്കൂളില്‍ 136 കുടുംബങ്ങളിലെ 538 പേരും വെള്ളമിറങ്ങതും കാത്ത് കഴിയുകയാണ്.
