തിരുവനന്തപുരം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ സെപ്തംബര്‍ 22ന് മുന്‍പ് പൂര്‍ത്തിയാക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഫയലുകള്‍ കെട്ടിക്കിടക്കാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി തിരുവനന്തപുരത്തെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ പരമാവധി പരിശ്രമിക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ ഭൂരിപക്ഷം വകുപ്പുകളും മികച്ച രീതിയിലുള്ള ഇടപെടലുകളാണ് നടത്തുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന സര്‍ക്കാര്‍ നയത്തിന് വിപരീതമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കരുത്. ഫയലുകള്‍ തീര്‍പ്പാക്കാനായി ആവശ്യമെങ്കില്‍ അദാലത്തുകള്‍ നടത്തണം. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയങ്ങള്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ തടസം നില്‍ക്കുന്നുവെങ്കില്‍ ഉദ്യോഗസ്ഥര്‍ പരസ്പരം സഹകരിച്ച് അവ തീര്‍പ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ഓരോ വകുപ്പിലും എത്ര ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ക്ക് കൃത്യമായ അറിവുണ്ടായിരിക്കണമെന്നും അവ തീര്‍പ്പാക്കാന്‍ പ്രത്യേകം ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും മന്ത്രി ആന്‍ണി രാജു പറഞ്ഞു. ഫയല്‍ തീര്‍പ്പാക്കലിനായി അവധി ദിവസം ഉദ്യോഗസ്ഥര്‍ ജോലി ചെയ്തത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അദ്ധ്യക്ഷയായ ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ.അനില്‍ ജോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് ബിജു തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.