കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരമേഖലയുടെ മുഖ്യാശ്രയമായ പെരിങ്ങോം അഗ്നി രക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. 2.51 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി സെപ്റ്റംബറിൽ പൂർത്തിയാകും.
പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിൽ 2009ലാണ് അഗ്നിരക്ഷാനിലയം പ്രവർത്തനം തുടങ്ങിയത്. മലയോര മേഖലയിലെ എട്ട് പഞ്ചായത്തുകൾ ഇതിന് കീഴിലുണ്ട്. കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ സ്ഥലപരിമിതിക്കും ഭൗതിക സാഹചര്യങ്ങളുടെ അഭാവത്തിനും പരിഹാരമാകും. ഒന്നരയേക്കറിൽ 1252.34 ചതുരശ്ര മീറ്ററിൽ രണ്ടു നിലകളായാണ് നിർമാണം. കൺട്രോൾ റൂം, ജീവനക്കാർക്കുള്ള വിശ്രമമുറി, റിക്രിയേഷൻ മുറി, സ്മാർട്ട് ക്ലാസ് മുറി, അടുക്കള, ശുചിമുറി, അഞ്ച് ഗ്യാരേജുകൾ, മൂന്ന് സ്റ്റോർ റൂമുകൾ എന്നിവക്ക് പുറമെ ഫയർ ഫൈറ്റിങ്ങിനായി 60,000 ലിറ്റർ ജലസംഭരണ ശേഷിയുള്ള ഭൂഗർഭ ടാങ്കും ഉണ്ടാകും. ജീവനക്കാരുടെ കൂട്ടായ്മയിൽ കളിക്കളവും നിർമ്മാണത്തിലാണ്.
മൊബൈൽ ടാങ്ക് യൂണിറ്റ്, മൾട്ടി യൂട്ടിലിറ്റി വാഹനം, ഹൈഡ്രോളിക് ഉപകരണങ്ങൾ, ആസ്‌ക ലൈറ്റ്, സെർച്ച് ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഈ നിലയത്തിനുണ്ട്. സ്റ്റേഷൻ ഓഫീസർ പി വി അശോകന്റെ നേതൃത്വത്തിൽ അമ്പതോളം ജീവനക്കാരാണ് ഉള്ളത്. രണ്ട് വനിതകളടക്കമുള്ള ഹോം ഗാർഡുമാരും നാൽപതോളം സിവിൽ ഡിഫൻസ് വളണ്ടിയർമാരും സേവനത്തിനുണ്ട്.
പൊതുജനങ്ങൾക്കായി സുരക്ഷാ പരിശീലനങ്ങൾ,എസ് പി സി കാഡറ്റുകൾക്ക് പരിശീലനം, കുടുംബശ്രീകളിൽ ഗാർഹിക അഗ്നി രക്ഷാ പരിശീലനം, വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം എന്നിവയും നൽകുന്നു. കെട്ടിടം പൂർത്തിയാകുന്നതോടെ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് മലയോരജനതയും സേനാംഗങ്ങളും.